അന്തർദേശീയം

ഇസ്രായേൽ ആക്രമണത്തിന്റെ ഭീകരത തുറന്നുകാട്ടി ദൃശ്യങ്ങൾ പുറത്ത്

ഗസ്സ സിറ്റി : ​ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ ഭീകരത വ്യക്​തമാക്കുന്ന ദൃശ്യങ്ങളാണ്​ ഓരോ ദിവസവും പുറത്തുവരുന്നത്​. ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഫലസ്തീനികളുടെ മൃതദേഹങ്ങൾ ആകാശത്തേക്ക് പറന്നുയരുന്ന ദൃശ്യങ്ങളാണ് ഇതിൽ ഒടുവിലത്തേത്​.

സ്ഫോടനത്തിന്റെ ശക്തിയിൽ നിരവധി മൃതദേഹങ്ങൾ ആകാശത്തേക്ക് ഉയരുകയും അവ നിർജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നു. വീഡിയോകൾ ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

‘നിങ്ങൾ അടുത്തേക്ക് നോക്കുന്തോറും ആളുകൾ വായുവിലൂടെ പറക്കുന്നത് നിങ്ങൾക്ക് കൂടുതൽ കാണാൻ കഴിയും. ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലേക്കെത്തി’ -എന്നായിരുന്നു ഗസ്സ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഖാലിദ് എക്‌സിൽ വീഡിയോ പങ്കിട്ടുകൊണ്ടെഴുതിയത്.

‘അവർ ഗാസയുടെ ആകാശത്ത് പറക്കുന്ന പക്ഷികളല്ല – അവ നൂറുകണക്കിന് മീറ്റർ ആകാശത്തേക്ക് എറിയപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ്’ എന്നായിരുന്നു വീഡിയോയോടൊപ്പമുള്ള മറ്റൊരു വൈറൽ പോസ്റ്റ്.

‘മിസൈൽ പതിച്ചപ്പോൾ ഞാൻ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു. പെട്ടെന്ന്, അവ എന്റെ നേരെ പറന്നുവന്നു. ആ സ്ഫോടനം വളരെ ശക്തമായിരുന്നു, എന്റെ സുഹൃത്ത് ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പറക്കുന്നത് ഞാൻ കണ്ടു. വളരെ ശക്തനായ ഒരു വലിയ മനുഷ്യൻ നിങ്ങളുടെ മുന്നിൽ പറക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?’- ഇസ്രായേൽ ആക്രമണത്തിൽ നിന്ന് അതിജീവിച്ച മുഹമ്മദ് ജിഹാദ് അൽ-റവൈദ എബിസി ന്യൂസിനോട് പറഞ്ഞു.

ഗസ്സയിൽ മാർച്ച് 18ന് ഒന്നാംഘട്ട വെടിനിർത്തൽ മുന്നറിയിപ്പില്ലാതെ ലംഘിച്ച് ഇസ്രായേൽ വീണ്ടുമാരംഭിച്ച കൂട്ടക്കുരുതിയിൽ ​ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നു. 3000ലേറെ പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മുതൽ നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ 38 പലസ്തീനികൾ കൊല്ലപ്പെട്ടു.

ഗസ്സ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ സ്ഥലമില്ലെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. മാർച്ച് 18ന് ശേഷം​ ​ഗസ്സയിൽ ഓരോ ദിവസവും കുറഞ്ഞത് 100 ഫലസ്തീൻ കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ മേധാവി പറഞ്ഞു.

2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെ ​ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,647 ആയി ഉയർന്നതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 300ലേറെ പേർക്ക് ഏറ്റവുമൊടുവിൽ പരിക്കേറ്റു. ആകെ പരിക്കേറ്റവരുടെ എണ്ണം 1,15,063 ആയെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button