ബിരുദ പഠനത്തിനൊപ്പം സമ്പാദ്യവും; സംരംഭകരായി മഹാരാജാസ് വിദ്യാർഥികൾ

കൊച്ചി : പഠനത്തോടൊപ്പം സംരംഭകത്വത്തിലേക്കും കടന്നു എറണാകുളം മഹാരാജാസിലെ ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾ. പഠനത്തോടൊപ്പം സമ്പാദ്യം (Earn While You Learn) പദ്ധതിക്കു കീഴിൽ ഹോം ക്ലീനിങ് ലിക്വിഡ്, തുണി സഞ്ചികൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിനും അലങ്കാര മത്സ്യകൃഷിയിലും 150 വിദ്യാർഥികളെ കോളജ് പരിശീലിപ്പിക്കുകയാണ്. ഈ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കോളജ് സംഘടിപ്പിക്കുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നു 2024-25 വർഷത്തേക്കു ലഭിച്ച 6 ലക്ഷം രൂപയുടെ ധന സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തിക ശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറും (ഇഡബ്ല്യുവൈഎൽ) കോർഡിനേറ്ററുമായ ഷിജി കെ പറഞ്ഞു. ‘മജസ്റ്റിക്’ എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്ന മൂന്ന് ഉത്പന്നങ്ങൾ സംബന്ധിച്ചു കോളജ് സമർപ്പിച്ച നിർദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാണ് പണം അനുവദിച്ചത്.
‘പഠനത്തിനിടെ സമ്പാദിക്കുക, സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുക എന്നീ ആശയമാണ് പദ്ധതിക്കു പിന്നിൽ. അറിവിൽ അധിഷ്ഠിതമായ സമൂഹത്തെ അഭിവൃദ്ധിയുള്ള വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കു മാറ്റുക. അതുവഴി സാമൂഹിക ഐക്യവും സുസ്ഥിര വളർച്ചയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുക, തങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുന്ന മേഖലകളിലേക്ക് അവരെ നയിക്കുക, സുരക്ഷിതമായ ഒരു ഭാവിയിലേക്ക് വഴിയൊരുക്കുക എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു’- ഷിജി കെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു വ്യക്തമാക്കി.
‘സുസ്ഥിര പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ നിർമിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ഉത്പന്നങ്ങൾക്കെല്ലാം പ്രത്യേകിച്ച് തുണി ബാഗിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. പരിസ്ഥിതിയെ പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത നാം ഊന്നിപ്പറയുന്ന ഒരു കാലഘട്ടത്തിൽ തുണി ബാഗുകളുടെ ഉപയോഗത്തിന് പ്രാധാന്യം കൂടിയിട്ടുണ്ട്. 50 വിദ്യാർഥികൾക്ക് ബാഗ് നിർമാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ കോളജ് വാങ്ങി വിദ്യാർഥികൾക്കു നൽകിയത്.’
‘ഓരോ ഉത്പന്ന നിരയും ഒരു ഫാക്കൽറ്റി അംഗത്തെ ചുമതലപ്പെടുത്തിയാണ് ചെയ്തത്. ടോയ്ലറ്ററീസ് ഉത്പന്നങ്ങളുടെ ടീമിനെ രസതന്ത്ര വിഭാഗത്തിൽ നിന്നുള്ള നീന ജോർജും തുണി ബാഗ് ടീമിനെ ഗണിത വിഭാഗത്തിൽ നിന്നുള്ള വരുൺ സോമനും നയിച്ചു. സുവോളജി വിഭാഗത്തിലെ ധന്യ ബാലകൃഷ്ണൻ വിദ്യാർഥികൾക്ക് അക്വേറിയം മത്സ്യങ്ങളെ പരിപാലിക്കുന്നതിൽ പരിശീലനം നൽകി.’
‘ഉത്പന്നങ്ങളുടെ നിർമാണത്തിനായി വിദ്യാർഥികൾ എല്ലാ ദിവസവും ഒരു മണിക്കൂർ ചെലവഴിക്കണം. ക്ലാസ് അവസാനിച്ച് ഉച്ചയ്ക്കു ശേഷം 3.30 മുതൽ 4.30 വരെയാണ് നിർമാണം. ഇപ്പോൾ വിദ്യാർഥികൾ ഉത്പന്നങ്ങൾ സ്വന്തമായി തന്നെ നിർമിക്കുന്നു. പഠന സമയത്ത് വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡും നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പദ്ധതി വലിയ ഉപകരമാണ്. കോളജ് അത്തരം വിദ്യാർഥികളെയാണ് പദ്ധതിയിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിച്ചത്. അവരിൽ പലരും ദൈനംദിന ആവശ്യങ്ങൾക്കായി പാർട്ട് ടൈം ജോലികൾ ചെയ്യുന്നവരാണ്.’
‘നൂതന സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിൽ കുറഞ്ഞ ബജറ്റ് തടസമായിരുന്നു. അടുത്ത അധ്യായന വർഷത്തിൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു നൂതന ഉത്പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതി ആലോചനയിലുണ്ട്. ഇപ്പോൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ നിന്നു കിട്ടു വരുമാനം അടുത്ത വർഷത്തെ പദ്ധതിയുടെ വിപുലീകരണത്തിനായി വിനിയോഗിക്കും’- ഷിജി വ്യക്തമാക്കി.