യൂറോപ്യൻ യൂണിയൻ വാർത്തകൾ

ലോകത്ത് ആദ്യമായി പൂര്‍ണമായും എഐയില്‍ തയാറാക്കിയ പത്രം ഇറ്റലിയിൽ പുറത്തിറങ്ങി

റോം : പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രപ്രവര്‍ത്തന മേഖലയിലും നിത്യജീവിതത്തിലും എഐ സ്വധീനം എടുത്തു കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്നും പത്രാധിപര്‍ കാലുഡിയോ സെറാസ പറഞ്ഞു.

ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എഐയെ ഉപയോഗപ്പെടുത്താന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സ്വന്തം കണ്ടന്റുകള്‍ക്ക് എഐ ഉപയോഗിക്കാന്‍ ബിബിസി ന്യൂസ് ഉദ്ദേശിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ന്യൂസ്സ്റ്റാന്‍ഡുകളിലെ ലോകത്തിലെ ആദ്യത്തെ ദിനപത്രമായിരിക്കും ഇല്‍ ഫോഗ്ലിയോയെന്ന് കാലുഡിയോ സെറാസ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇല്‍ ഫോഗ്ലിയോയുടെ എഐ നിര്‍മ്മിത പതിപ്പിന്റെ ഒന്നാം പേജില്‍ തന്റെ ഇറ്റാലിയന്‍ പിന്തുണക്കാരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുടിന്റെ 10 വഞ്ചനകള്‍ എന്ന തലക്കെട്ടോടെയുള്ള കോളവും ഒന്നാം പേജില്‍ ഉണ്ട്. പുടിന്‍ നടപ്പാക്കിയതും റദ്ദാക്കിയതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നത്.

യുവ യൂറോപ്യന്മാര്‍ പരമ്പരാഗത ബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് രണ്ടാം പേജില്‍ കൊടുത്തിരിക്കുന്നത്. പത്രത്തിന്റെ അവസാന പേജില്‍ എഡിറ്റര്‍ക്കുള്ള എഐ നിര്‍മ്മിത കത്തുകളാണ് ഉള്ളത്. ഒരു വായനക്കാരന്‍ എഐ മനുഷ്യര്‍ക്ക് പകരമാകുമോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.

വാര്‍ത്തകള്‍, സംവാദങ്ങള്‍, വിശകലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ ഒരു ‘യഥാര്‍ത്ഥ പത്രം’ എന്നാണ് എഡിറ്റര്‍ സെറാസ ‘ഇല്‍ ഫോഗ്ലിയോ എഐയെ’ വിശേഷിപ്പിച്ചത്. ദൈനംദിന പത്രപ്രവര്‍ത്തനത്തില്‍ എഐ യുടെ പങ്ക് ചൂണ്ടിക്കാണിക്കാനുള്ള ഒരു പരീക്ഷണമാണിതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button