നാഗ്പൂർ സംഘർഷം; 25 പേര്‍ കസ്റ്റഡിയിൽ, കര്‍ഫ്യൂ തുടരുന്നു

നാഗ്പൂര്‍ : നാഗ്പൂർ സംഘർഷത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഹൻസപുരി, മഹൽ പ്രദേശങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ 25 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്ത് വന്ന ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കും. പ്രദേശത്ത് പൊലീസ് വിന്യാസവും തുടരുകയാണ്.
കർഫ്യു തുടരുന്നതിനാൽ അനാവശ്യമായ ആളുകൾ പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകി.സംഘർഷത്തിന് കാരണം ‘ഛാവ’ സിനിമയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഛാവ സിനിമ ഔറംഗസേബിനെതിരെയുള്ള ജനങ്ങളുടെ രോഷം ആളിക്കത്തിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘര്‍ഷത്തില്‍ പെട്ടവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും അധികൃതർ പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സ്ഥിതി സാധാരണ നിലയിലായതായി സിറ്റി പൊലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ സ്ഥിരീകരിച്ചു. “നിലവിൽ സ്ഥിതി ശാന്തമാണ്, ഏകദേശം 11 പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞങ്ങൾ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്,” അദ്ദേഹം എഎൻഐയോട് പറഞ്ഞു.
പൊലീസ് വേണ്ടത്ര പ്രതികരിച്ചില്ലെന്ന ആരോപണവും കമ്മീഷണർ തള്ളിക്കളഞ്ഞു. അക്രമത്തിന്‍റെ തുടക്കം മുതൽ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നും 33 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം അറിയിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നാഗ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. നാഗ്പൂർ സെന്‍ററിലെ മഹല്‍ നപ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുലുണ്ടായത്. ഔറംഗസേബ് ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയായിരുന്നു സംഘർഷം. പ്രദേശത്ത് പൊലീസ് വിന്യാസം ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗങ്ങൾ നേർക്കുനേർ നിന്ന് കല്ലെറിയുകയായിരുന്നു.