ട്രംപ് വാഗ്ദാനം നിറവേറ്റി; സുനിതയും സംഘവും സുരക്ഷിതരായി ഇറങ്ങി : വൈറ്റ്ഹൗസ്

വാഷിങ്ടണ്‍ : ബഹിരാകാശത്ത് നിന്ന് സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിച്ച് വൈറ്റ് ഹൗസ്. ബഹിരാകാശത്ത് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം നിറവേറ്റിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സ്പേസ് എക്സ്, നാസ, എലോണ്‍ മസ്‌ക് എന്നിവയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് എന്നിവര്‍ക്കും വൈറ്റ്ഹൗസ് നന്ദി അറിയിച്ചു.
‘വാഗ്ദാനം നല്‍കി, വാഗ്ദാനം നിറവേറ്റി, ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞയെടുത്തു. ഇന്ന്, അവര്‍ സുരക്ഷിതമായി അമേരിക്ക ഉള്‍ക്കടലില്‍ ഇറങ്ങി, @ElonMusk, @SpaceX, @NASA എന്നിവയ്ക്ക് നന്ദി!” വൈറ്റ് ഹൗസ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
2025 ജനുവരി 28-ന്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രണ്ട് ബഹിരാകാശയാത്രികരെ തിരിച്ചെത്തിക്കാന്‍ ഇലോണ്‍ മസ്‌കിനോടും സ്പേസ് എക്സിനോടും പറഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
‘ബൈഡന്‍ ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിച്ച രണ്ട് ധീരരായ ബഹിരാകാശയാത്രികരെ തിരികെ കൊണ്ടുപോകാന്‍’ ഞാന്‍ എലോണ്‍ മസ്‌കിനോടും സ്പേസ് എക്‌സിനോടും ആവശ്യപ്പെട്ടു. ട്രൂത്ത് പോസ്റ്റില്‍ ട്രംപ് കുറിച്ചത് ഇങ്ങനെ ആയിരുന്നു.
സുനിത വില്യംസും ബുച്ച് വില്‍മോറും 286 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്, മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ സംഘം 278 ദിവസം അധികം ബഹിരാകാശത്ത് തങ്ങി. ദൗത്യത്തില്‍ സുനിതയും ബുച്ചും 121,347,491 മൈലുകള്‍ താണ്ടി.
ഭൂമിയെ 4,576 തവണയാണ് ഇതിനിടെ സംഘം വലംവെച്ചത്. അതേസമയം 171 ദിവസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 72,553,920 മൈല്‍ യാത്ര ചെയ്യുകയും 2,736 തവണ ഭൂമിയെ വലംവെക്കുകയും ചെയ്തു. ഇതാദ്യമായായിരുന്നു ഗോര്‍ബുനോവ് ബഹിരാകാശ യാത്ര നടത്തുന്നത്. എന്നാല്‍ സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി. ഇവരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് തന്നെ.