സ്‌പേസ് എക്‌സ് ഡ്രാഗണ്‍ മടക്കയാത്ര തുടങ്ങി; സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

ന്യൂയോര്‍ക്ക് : മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു. ഇവരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പമാണ് ഇരുവരുടെയും തിരിച്ചുള്ള യാത്ര. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ പേടകത്തെ സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി.
ഒമ്പത് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും ഭൂമിയിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തെ ദൗത്യവുമായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇരുവരുടെയും തിരിച്ചുപോക്ക് പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു.
17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാണ് പേടകം ഭൂമിയില്‍ ഇറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോടു ചേര്‍ന്ന കടലിലായിരിക്കും പേടകം ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.