ഐഎസ് തലവനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇറാഖും യുഎസും

വാഷിങ്ടണ്‍ : പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ്‌ഐഎസ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് തലവന്‍, അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മക്കി മുസ്ലിഹ് അല്‍ റിഫായിയെ വധിച്ചതായി ഇറാഖും യുഎസ് അറിയിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഇറാഖി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ വധിച്ചത്. വ്യാഴാഴ്ചയാണ് ഇറാഖിലെ അന്‍ ആന്‍ബാര്‍ പ്രവിശ്യയില്‍ വ്യോമാക്രണം നടത്തിയത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയും സെന്‍ട്രല്‍ കമാന്‍ഡും വ്യത്യസ്ത പ്രസ്താവനകളിലാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തില്‍ മറ്റൊരു ഐഎസ് ഭീകരന്‍ കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തിന് പിന്നാലെ സ്ഥലത്തെത്തിയ സെന്‍ട്രല്‍ കമാന്‍ഡ്, ഇവിടെനിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവര്‍ രണ്ടുപേരും ചാവേര്‍സ്‌ഫോടകജാക്കറ്റുകള്‍ ധരിച്ചിരുന്നതായും പ്രസ്താവനയില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് അബു ഖദീജ ആണെന്ന് സ്ഥിരീകരിച്ചത്.
ഐഎസിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണ് അബു ഖദീജ. നമ്മുടെ മാതൃരാജ്യത്തിനും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയാവുന്ന തീവ്രവാദികളെ കൊല്ലുന്നതും അവരുടെ സംഘടനകളെ ഇല്ലാതാക്കുന്നതും ഞങ്ങള്‍ തുടരും’, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മിഖായേല്‍ എറിക് കുറില്ല അറിയിച്ചു. ഇറാഖിലേയും ലോകത്തിലെ തന്നെയും ഏറ്റവും അപകടകാരിയായ തീവ്രവാദിയെയാണ് വധിച്ചിരിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി എക്‌സില്‍ കുറിച്ചു.