ഗാസയിലെ ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം; ‘വംശഹത്യ’യെന്ന് യുഎന്‍

ഗാസസിറ്റി : ഹമാസിന് എതിരായ സൈനിക നീക്കത്തിന്റെ പേരില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയെന്ന് യുഎന്‍. ഗാസയിലെ ലൈംഗിക, പ്രത്യുല്പാദന ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് നാശമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെയാണ് യുഎന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വംശഹത്യ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ നശിപ്പിക്കുകയും ലൈംഗിക അതിക്രമം ഒരു യുദ്ധ തന്ത്രമായി ഉപയോഗിക്കുകയും ചെയ്യുന്നതായും ഐക്യരാഷ്ട്രസഭയുടെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പലസ്തീന് മേഖലകളിലെ ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് നേരെ മനപ്പൂര്‍വം ആക്രമണം നടത്തുകയും അതിനൊപ്പം ഗര്‍ഭിണികള്‍ക്കാവശ്യമായ വൈദ്യസഹായം, പ്രസവ സുരക്ഷ, നവജാത ശിശുപരിചരണം എന്നിവ തടയുന്ന നിലയുണ്ടായെന്നും യുഎന്‍ വിദഗ്ധര്‍ പറയുന്നു. ഇസ്രയേലിന്റെ പലനടപടികളും ജനീവ കരാറിന് വിരുദ്ധമാണെന്നും യുഎന്‍ പ്രസ്താവനയില്‍ പറയുന്നു. ‘ലൈംഗിക, പ്രത്യുല്പാദന ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് എതിരായ ആക്രമണത്തിലൂടെ ഗാസയിലെ പലസ്തീനികളുടെ പ്രത്യുത്പാദന ശേഷി ഇസ്രായേല്‍ ഭാഗികമായി നശിപ്പിച്ചിരിക്കുന്നു’ എന്നും യുഎൻ കമ്മീഷന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
ഗാസയിലെ പ്രസവ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങളും ആസൂത്രിതമായി ആക്രമിച്ചെന്നും പ്രദേശത്തെ പ്രധാന ഇന്‍-വിട്രോ ഫെര്‍ട്ടിലിറ്റി ക്ലിനിക്കായ അല്‍-ബാസ്മ ഐവിഎഫ് സെന്റര്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഡിസംബറില്‍ അല്‍-ബാസ്മ ആശുപത്രിയ്ക്ക് നേരെ ഉണ്ടായ ഷെല്ലാക്രമണത്തിലൂടെ ക്ലിനിക്കിലെ ഏകദേശം 4,000 ഭ്രൂണങ്ങള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതിമാസം 2,000 മുതല്‍ 3,000 വരെ രോഗികള്‍ക്ക് സേവനം നല്‍കിയിരുന്ന ആരോഗ്യ കേന്ദ്രമായിരുന്നു അല്‍-ബാസ്മ ആശുപത്രിയെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ യുഎന്‍ റിപ്പോര്‍ട്ട് പാടെ തള്ളുകയാണ് ഇസ്രയേല്‍. അസംബന്ധം എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ‘യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടുകളുടെ കേന്ദ്രമാണ്. അഴിമതിയും, ഭീകരതയെ പിന്തുണയ്ക്കുന്നതുമായ ഈ സ്ഥാപനത്തിന് ഇനി പ്രസക്തിയില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.