മുംബൈ ലീലാവതി ആശുപത്രിയിൽ കോടികളുടെ തട്ടിപ്പിനൊപ്പം ദുര്‍മന്ത്രവാദവും

മുംബൈ : മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയിൽ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മുൻ ട്രസ്റ്റിമാര്‍ 1250 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് നിലവിലെ അംഗങ്ങൾ ആരോപിക്കുന്നത്. കൂടാതെ ആശുപത്രി വളപ്പിൽ ദുര്‍മന്ത്രവാദം നടത്തിയതായും ആരോപണമുയര്‍ന്നു. കഴിഞ്ഞ 20 വർഷത്തിനിടെ 1250 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് 17 പേർക്കെതിരെ അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
നഗരത്തിലെ പ്രമുഖ ആശുപത്രികളിലൊന്നായ ലീലാവതി ആശുപത്രി നടത്തുന്ന ലീലാവതി കീർത്തിലാൽ മേത്ത മെഡിക്കൽ ട്രസ്റ്റ് (LKMM), നിലവിലെ ട്രസ്റ്റിമാരുടെ ഓഫീസിന് കീഴിൽ നിന്ന് അസ്ഥികളും തലമുടിയും അടങ്ങിയ എട്ട് കുടങ്ങൾ കണ്ടെത്തിയതായി ആരോപിച്ചു. “സ്ഥിരം ട്രസ്റ്റി പ്രശാന്ത് മേത്ത ഇരിക്കുന്ന ഓഫീസിൽ ദുർമന്ത്രവാദ ചടങ്ങുകൾ നടന്നതായി ട്രസ്റ്റിലെ ചില മുൻ ജീവനക്കാർ കുറച്ച് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു,” എന്ന് മുംബൈ മുൻ പൊലീസ് കമ്മീഷണറും നിലവിൽ ലീലാവതി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പരം ബീർ സിങ് പറഞ്ഞു. ഓഫീസിലെ തറ കുഴിച്ചെടുത്തപ്പോൾ മനുഷ്യാവശിഷ്ടങ്ങൾ, അരി, തലമുടി, മറ്റ് മന്ത്രവാദ വസ്തുക്കൾ എന്നിവ നിറച്ച എട്ട് കലങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയെന്നാണ് ആരോപണം.
പൊലീസ് പരാതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ട്രസ്റ്റ് അംഗങ്ങള്‍ ബാന്ദ്ര കോടതിയെ സമീപിച്ചിരിക്കുകയാണ്. കൂടാതെ ഇഡിക്കും പരാതി നൽകിയിട്ടുണ്ട്. “നിലവിലെ ട്രസ്റ്റി ബോർഡ്, ചുമതലയേറ്റ ശേഷം, ഒരു ഫോറൻസിക് ഓഡിറ്ററെ നിയമിച്ചു, ഏകദേശം 1,250 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നു. ഇതിനുശേഷം പ്രശാന്ത് മെഹ്ത ബാന്ദ്ര പൊലീസിനെ സമീപിച്ചു, എന്നാൽ അവർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതിനാൽ, മേത്ത ബാന്ദ്ര കോടതിയെ സമീപിച്ച് തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകി, ബിഎൻഎസ്എസ് സെക്ഷൻ 175(3) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ബാന്ദ്ര പൊലീസിന് നിര്‍ദേശം നൽകി. കേസ് ഉടൻ തന്നെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയേക്കും” സിങ് വ്യക്തമാക്കി. മെയ്ഫെയർ റിയൽറ്റേഴ്സ്, വെസ്റ്റ ഇന്ത്യ തുടങ്ങിയ കമ്പനികളിൽ ശരിയായ അക്കൗണ്ടിംഗ് ഇല്ലാതെ 11.52 കോടി രൂപയുടെ നിയമവിരുദ്ധ നിക്ഷേപങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു.
ചേതൻ പി. മേത്ത, രേഖ എച്ച്. ഷേത്ത്, ആയുഷമാൻ സി. മേത്ത, നികേത് വി. മേത്ത, സുശീല വി. മേത്ത, രശ്മി കെ. മേത്ത, ഭവിൻ ആർ. മേത്ത, നിമേഷ് ഷേത്ത് എന്നിവരുടെ പേരുകളാണ് എഫ്ഐആറിൽ പരാമര്‍ശിച്ചിരിക്കുന്നത്. ”ഓഡിറ്റില്‍ കണ്ടെത്തിയ ഗുരുതരമായ സാമ്പത്തിക ദുരുപയോഗം, മുന്‍ ട്രസ്റ്റിമാരില്‍ അര്‍പ്പിച്ച വിശ്വാസത്തോടുള്ള വഞ്ചന മാത്രമല്ല, മറിച്ച് ഞങ്ങളുടെ ദൗത്യത്തിന് തന്നെയുള്ള നേരിട്ടുള്ള ഭീഷണിയാണ്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഓരോ വ്യക്തിയും അതിന്റെ ഉത്തരവാദിത്വം ഏല്ക്കേണ്ടിവരും. കൂടാതെ PMLAയുടെ വ്യവസ്ഥകള്‍ പ്രകാരം ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ വേഗത്തിലും നിര്‍ണായകവുമായ നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു” പ്രശാന്ത് മെഹ്ത വ്യക്തമാക്കി.