കേരളംസ്പോർട്സ്

കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു; രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്

നാഗ്പുര്‍ : രഞ്ജി ട്രോഫി കരീടമെന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഫൈനല്‍ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്.

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ നേടിയ 37 റണ്‍സ് ലീഡാണ് അവരെ കിരീടത്തിലേക്ക് നയിച്ചത്. സ്വപ്‌നം പൊലിഞ്ഞെങ്കില്‍ ഭാവിയിലേക്കുള്ള കേരള ടീമിന്റെ ഉയര്‍ച്ചയ്ക്ക് രഞ്ജി ഫൈനല്‍ പ്രവേശം ബലമാകുമെന്നു പ്രതീക്ഷിക്കാം.

വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായി. കേരളം 342 റണ്‍സില്‍ ഓള്‍ ഔട്ടായി.

രണ്ടാം ഇന്നിങ്‌സില്‍ കിടയറ്റ സെഞ്ച്വറിയുമായി പ്രതിരോധം തീര്‍ത്ത മലയാളി താരം തന്നെയായ കരുണ്‍ നായരുടെ മികവിലാണ് വിദര്‍ഭ കേരളത്തിനു ഒരു പഴുതും അനുവദിക്കാതെ കൂറ്റന്‍ ലീഡിലേക്ക് കുതിച്ചത്. താരം 10 ഫോറും 2 സിക്‌സും സഹിതം 135 റണ്‍സെടുത്തു. ഡാനിഷ് മലേവാര്‍ (73), ദര്‍ശന്‍ നാല്‍കന്‍ഡെ (പുറത്താകാതെ 51) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി.

കേരളത്തിനായി ആദിത്യ സാര്‍വതെ 4 വിക്കറ്റുകള്‍ നേടി. എംഡി നിധീഷ്, ജലജ് സക്‌സേന, ഏദന്‍ ആപ്പിള്‍ ടോം, എന്‍ ബേസില്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ല. നേരിയ വ്യത്യാസത്തിലാണ് കേരളത്തിന്റെ കിരീട നഷ്ടം. കേരളത്തെ 342 റണ്‍സില്‍ പുറത്താക്കി വിദര്‍ഭ 37 റണ്‍സിന്റെ ലീഡ് പിടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നാലെ വിശ്വസ്ത താരം ജലജ് സക്‌സേനയും മടങ്ങിയതോടെ പ്രതീക്ഷ പൂര്‍ണമായി തീര്‍ന്നു. 18 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിനു അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്.

സച്ചിന്‍ ബേബി 98 റണ്‍സില്‍ പുറത്തായി. ആദിത്യ സാര്‍വതെയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍ നിന്നു പൊരുതിയത് കേരളത്തിനു ബലമായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്.

3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്. ആദിത്യ സാര്‍വതെ 79 റണ്‍സുമായി മടങ്ങി. രണ്ടാം ദിനം മുതല്‍ മികവോടെ ബാറ്റ് വീശിയ താരം 10 ഫോറുകള്‍ സഹിതമാണ് അവിസ്മരണീയ ഇന്നിങ്സ് കളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശുന്നതിനിടെ പുറത്തായി. താരം 21 റണ്‍സെടുത്തു. പിന്നീടു വന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ 22 റണ്‍സുമായി മടങ്ങി.

പൊരുതി നിന്ന ജലജ് സക്‌സേന 28 റണ്‍സുമായി മടങ്ങി. ഏദന്‍ ആപ്പിള്‍ ടോം 10 റണ്‍സും കണ്ടെത്തി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിനു തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ 14 റണ്‍സിലും രോഹന്‍ കുന്നുമ്മല്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. ദര്‍ശന്‍ നാല്‍കന്‍ഡെയാണ് ഇരുവരേയും മടക്കിയത്. സ്‌കോര്‍ 107ല്‍ നില്‍ക്കെ അഹമ്മദ് ഇമ്രാന്‍ മടങ്ങിയതോടെ കേരളത്തിനു മൂന്നാം വികറ്റ് നഷ്ടമായി. അഹമ്മദ് 37 റണ്‍സ് കണ്ടെത്തി.

വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സില്‍ പുറത്തായിരുന്നു. ഡാനിഷ് മലേവാര്‍ (153) നേടിയ സെഞ്ച്വറിയും മലയാളി താരം കരുണ്‍ നായര്‍ നേടിയ അര്‍ധ സെഞ്ച്വറി (83)യുടേയും ബലത്തിലാണ് വിദര്‍ഭ മികച്ച സ്‌കോറിലെത്തിയത്.

പത്താമനായി എത്തിയ നചികേത് ഭൂതേയുടെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 350 കടത്തിയത്. താരം 32 റണ്‍സെടുത്തു.

കേരളത്തിനായി എംഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ 2 വിക്കറ്റെടുത്തു. ജലജ് സക്സേന ഒരു വിക്കറ്റും സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button