കൊല്ലത്ത് 20കാരന് മദ്യലഹരിയില്‍ പാളത്തില്‍ കിടന്നു; രക്ഷിച്ചയാളിനെ വെട്ടിക്കൊന്നു

കൊല്ലം: മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്നയാളിനെ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ ഇരുപതുകാരന് വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു.
ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു.
തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാര്‍ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ കല്ലട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്. അമ്മ; മണിയമ്മ