സ്റ്റാഫ് അംഗത്തോട് മോശമായി പെരുമാറി; ന്യൂസിലാൻഡിൽ വാണിജ്യ മന്ത്രി രാജിവെച്ചു

വെല്ലിങ്ടൺ : സ്റ്റാഫ് അംഗത്തോട് മോശമായി പെരുമാറിയതിനെ തുടർന്ന് ന്യൂസിലാൻഡിൽ വാണിജ്യ മന്ത്രി രാജിവെച്ചു. വാണിജ്യ മന്ത്രി ആൻഡ്രൂ ഹെന്റി ബെയ്ലിയാണ് സ്റ്റാഫ് അംഗങ്ങളിലൊരാളുടെ കയ്യുടെ മുകളിൽ കൈവച്ചതിനേ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജിവച്ചത്. നിലവിലെ വിവാദം തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ലക്ഷ്യമിട്ടാണെന്ന് ആൻഡ്രൂ ബെയ്ലി പറഞ്ഞു.
തന്റെ പ്രവൃത്തിയിൽ ക്ഷമാപണം നടത്തുന്നതായും നിലവിലെ വിവാദം ഊതിപ്പെരുപ്പിച്ചതാണെന്നും ആൻഡ്രൂ ബെയ്ലി പറഞ്ഞു. മന്ത്രി പദവികൾ ഉപേക്ഷിച്ച അദ്ദേഹം ഇനി മുതൽ പാർലമെന്റ് അംഗം മാത്രമായിരിക്കും. കഴിഞ്ഞ ഒക്ടോബറിൽ വൈൻ നിർമ്മാണശാലയിലെ തൊഴിലാളിയെ ‘പരാജിതൻ’ എന്ന് വിളിച്ചതിനും വിരലുകൾ ഉപയോഗിച്ച് ആംഗ്യം കാണിച്ചതിന്റെ പേരിലും ആൻഡ്രൂ ഹെന്റി ബെയ്ലി വലിയ വിമർശനം നേരിട്ടിരുന്നു. പിന്നീട് അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
2014ലാണ് ആൻഡ്രൂ ബെയ്ലി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ധനകാര്യ മേഖലയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്.