ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം

പാരിസ് : ഫ്രാന്‍സിലെ മാര്‍സലെയില്‍ സ്ഥിതി ചെയ്യുന്ന റഷ്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7:30 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മോളടോവ് കോക്ക്ടെയില്‍ (പെട്രോള്‍ ബോംബിന് സമാനമായ സ്ഫോടക വസ്തു) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. സംഭവസ്ഥലത്തിന് സമീപം കണ്ടെത്തിയ മോഷ്ടിച്ച വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
സ്ഫോടനത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല. റഷ്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പ്രദേശത്ത് നടന്ന സ്ഫോടനങ്ങള്‍ക്ക് ഭീകരാക്രമണത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് വിദേശകാര്യ വക്താവ് മരിയ സാക്കറോവ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരേ ഫ്രാന്‍സ് നടപടിയെടുക്കണം. വിദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ഔദ്യോഗിക സംവിധാനങ്ങളുടെ സുരക്ഷവര്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സാക്കറോവ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ റഷ്യയുടെ നയതന്ത്ര കേന്ദ്രങ്ങളില്‍ യുക്രൈന് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സി (എസ്.വി.ആര്) കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ജര്‍മ്മനി, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെയും ബാള്‍ട്ടിക് രാജ്യങ്ങളിലെയും നോര്‍ഡിക് രാജ്യങ്ങളിലെയും റഷ്യയുടെ എംബസികള്‍ ആക്രമിച്ചുകൊണ്ട് റഷ്യ-അമേരിക്ക ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍ യുക്രൈന് ശ്രമിച്ചേക്കാമെന്നാണ് എസ്.വി.ആര് റിപ്പോര്‍ട്ടില്‍ പറയുന്നു.