സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപണം; 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

കൊളംബോ : അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളെയാണ് പിടികൂടിയത്. അഞ്ച് യന്ത്രവല്‍കൃത ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
രാമേശ്വരത്ത് നിന്ന് 450 ഓളം യന്ത്രവല്‍കൃത ബോട്ടുകളാണ് ശനിയാഴ്ച രാത്രി കടലില്‍ പോയത്. സമുദ്രാതിര്‍ത്തിക്ക് സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കെ ശ്രീലങ്കന്‍ നാവികസേനയെത്തി ഒരു കൂട്ടം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുരത്തി. കടലില്‍ തുടര്‍ന്നിരുന്ന അഞ്ചു ബോട്ടുകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അറസ്റ്റിലായവരെ കൂടുതല്‍ നിയമനടപടികള്‍ക്കായി മാന്നാര്‍ ഫിഷറീസ് വകുപ്പിന് കൈമാറി. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാമനാഥപുരത്തു നിന്നും മത്സബന്ധനത്തിന് പോയ 16 ബോട്ടുകളും 108 മത്സ്യത്തൊഴിലാലികളെയും ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു. ഈ മാസം മാത്രം 11 ബോട്ടുകളും 66 മത്സ്യത്തൊഴിലാളികളും പിടിയിലായിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളെ ലങ്കന്‍ സേന അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, ഫെബ്രുവരി 28 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ശക്തമാക്കാന്‍ രാമനാഥപുരത്തെ മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചു. ലങ്കന്‍ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത ബോട്ടുകളും മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.