അന്തർദേശീയം

‘നമ്മളെ അവർ നന്നായി മുതലെടുക്കുന്നു’; ഇന്ത്യയുടെ വ്യാപാരനയങ്ങളെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍ : ഇന്ത്യയുടെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് രാജ്യത്തിന് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യ അമേരിക്കയെ നന്നായി മുതലെടുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. നമ്മള്‍ എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു, അവര്‍ 200 ശതമാനം താരിഫ് ചുമത്തുന്നു. ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നത് തുടരുമ്പോഴാണ്, ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ധനസഹായം നല്‍കിയിരുന്നത് അനാവശ്യമായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സഹായിക്കുന്നതിന് യുഎസ് എന്തിനാണ് 18 മില്യണ്‍ ഡോളര്‍ സഹായം നല്‍കുന്നതെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയിലെ വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക ധനസഹായം നല്‍കിയെന്ന ആരോപണം, ആശങ്കാജനകവും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button