അന്തർദേശീയം

കിടക്കകളും വീട്ടുസാധനങ്ങളുമായി വീണ്ടും ജന്മനാട്ടിലേക്ക് പലസ്തീന്‍കാരുടെ മടക്കം

ഗാസ സിറ്റി : ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തെ പ്രധാന ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥപ്രകാരമാണ് ഇസ്രയേല്‍ പിന്മാറ്റം. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും ഇടയില്‍ നെത്‌സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം പിന്മാറിയത്.

ജനുവരി 19 ലെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ ഇതുവരെ 16 ഇസ്രായേല്‍ ബന്ദികളെയും 566 പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൈനികമേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ച ആറുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയില്‍ നിന്നുള്ള പിന്മാറ്റം.

സൈന്യം പിന്മാറിയതോടെ കാറുകളിലും മറ്റുവാഹനങ്ങളിലുമായി കിടക്കകളും വീട്ടുസാധനങ്ങള്‍ നിറച്ച് നൂറുകണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ തുടങ്ങി. ഇസ്രയേല്‍സൈന്യം ഇടനാഴിയില്‍നിന്ന് പൂര്‍ണമായി പിന്മാറുന്നതോടെ 15 മാസമായി തുടരുന്ന യാത്രാനിയന്ത്രണത്തിനുകൂടിയാണ് അവസാനമാകുന്നത്.

വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍വന്നതു മുതല്‍ ഈ മേഖലയിലൂടെ വടക്കന്‍ ഗാസയിലേക്ക് പലസ്തീന്‍കാരെ ഇസ്രയേല്‍സൈന്യം കടത്തിവിട്ടുതുടങ്ങിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോള്‍ 33 ബന്ദികളെയും 1,900 തടവുകാരെയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 33 പേരില്‍ എട്ട് പേര്‍ മരിച്ചതായി ഇസ്രായേല്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button