കൂറ്റനാട് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു
![](https://yuvadharanews.com/wp-content/uploads/2025/02/elephant-turn-violent-man-died-at-Palakkad-koottanad-780x470.jpg)
പാലക്കാട് : കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന് എന്ന പാപ്പാന് ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. പെട്ടെന്ന് ആണ് ആന ഇടഞ്ഞത്. സമീപത്തുണ്ടായിരുന്ന പാപ്പാനെ കൊമ്പ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ആന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും തകര്‍ത്തിട്ടുണ്ട്.
ആന ഇടഞ്ഞത് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന ആളുകള്‍ ഓടി മാറിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ഒരാള്‍ക്ക് കൂടി പരിക്കേറ്റതായാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇടഞ്ഞ ആനയെ തളച്ചത്. മയക്കുവെടിവെച്ച് തളച്ച ആനയെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. ആന പെട്ടെന്ന് ഇടയാനുള്ള കാരണം വ്യക്തമല്ല.