ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി തീയിട്ട് പ്രതിഷേധക്കാര്‍
ധാക്ക : ബംഗ്ലദേശ് രാഷ്ട്രപിതാവും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെയും മകളും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടേയും ധാക്കയിലെ വസതി ഇടിച്ചുനിരത്തി തീയിട്ട് പ്രതിഷേധക്കാര്‍. ഹസീനയുടെ രാഷ്ട്രീയ പാര്‍ട്ടിയിയായ അവാമി ലീഗിലെ മറ്റ് അംഗങ്ങളുടെ വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സാമൂഹിക മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.
സംഭവത്തിന് പിന്നാലെ കലാപകാരികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹസീന രംഗത്തെത്തി. ‘ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം തകര്‍ക്കാന്‍ അവര്‍ക്ക് അധികാരമില്ല. ഒരു കെട്ടിടം അവര്‍ തകര്‍ത്തേക്കാം, പക്ഷേ ചരിത്രം മായ്ക്കാന്‍ അവര്‍ക്ക് കഴിയില്ല’ ഹസീന പറഞ്ഞു. ബംഗ്ലദേശിലെ പുതിയ നേതാക്കളെ ചെറുക്കാന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് അവര്‍ അധികാരം പിടിച്ചെടുത്തതെന്നും ഹസീന ആരോപിച്ചു.ചരിത്രം പ്രതികാരം ചെയ്യുമെന്ന് കലാപകാരികള്‍ ഓര്‍ക്കണമെന്നും ഹസീന വ്യക്തമാക്കി.
ഹസീന പ്രസംഗിക്കുമ്പോള്‍ ബുള്‍ഡോസര്‍ ഘോഷയാത്ര നടത്തണമെന്ന് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് ധാക്കയിലെ വസതിക്ക് മുന്നില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്. ഹസീനയുടെ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ വീട്ടിലേക്ക് ഇരച്ചുകയറി ചുവരുകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങി. പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റി. പിന്നാലെ വീട്ടിലെ സാധനങ്ങളെല്ലാം കത്തിച്ചു. മുതിര്‍ന്ന അവാമി ലീഗ് നേതാക്കളുടെ വീടുകളും സംരംഭങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു.
16 വര്‍ഷം നീണ്ട അവാമി ലീഗിന്റെ ഭരണം അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടിരുന്നു.