വനപാലകരുടെ നിർദേശം അവഗണിച്ചു, വാൽപാറയിൽ കാട്ടാനയുടെ മുന്നിൽപെട്ടു, ജർമൻ സ്വദേശിയായ റൈഡർക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ : വാൽപാറയിൽ കാട്ടാന ആക്രമണത്തിൽ വിദേശയാത്രികന് ദാരുണാന്ത്യം. ജർമൻ സ്വദേശിയായ മൈക്കിൾ (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം. വനമേഖലയിൽ നിന്നെത്തിയ കാട്ടാന റോഡ് കുറുകെ കടക്കുന്നതിനാൽ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു.
ബൈക്കിൽ എത്തിയ മൈക്കിൾ വനപാലകരുടെ നിർദേശം അവഗണിച്ചു മുന്നോട്ടു പോവുകയായിരുന്നു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്കിൽ നിന്നു വീണ മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും കാട്ടാനയുടെ പിടിയിൽ അകപ്പെട്ടു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് പരുക്കേറ്റ മൈക്കിളിനെ റോഡിൽ നിന്നു മാറ്റിയത്. ഉടൻ തന്നെ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൈക്കിളിനെ ആന ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.