പുരുഷന്മാര്ക്ക് പറ്റിയ പിഴവ് വനിതകള്‍ ആവര്‍ത്തിച്ചില്ല; പാകിസ്താനെ തകര്‍ത്ത് മിതാലിയും സംഘവും
ന്യൂസിലന്‍ഡിലെ മൗണ്ട് മൗഗാന്യുയിയില് നടന്ന മത്സരത്തില്‍ 108 റണ്‍സിനാണ് ടീം ഇന്ത്യ പാകിസ്താനെ തകര്‍ത്തുവിട്ടത്.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷ ടീമിന് പറ്റിയ പിഴവ് വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ മിതാലി രാജിന്റെ വനിതാ ക്രിക്കറ്റ് ടീം ആവര്‍ത്തിച്ചില്ല. തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും സമചിത്തതയോടെ പൊരുതിയ വനിതകള്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ടീം ഇന്ത്യ കുതിപ്പ് തുടങ്ങി.
ന്യൂസിലന്‍ഡിലെ മൗണ്ട് മൗഗാന്യുയിയില് നടന്ന മത്സരത്തില്‍ 108 റണ്‍സിനാണ് ടീം ഇന്ത്യ പാകിസ്താനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക് പടയ്ക്ക് 43 ഓവറില്‍ വെറും 137 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
10 ഓവറില്‍ വെറും 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്ക്വാദാണ് പാകിസ്താനെ തകര്‍ത്തത്. രണ്ടു വീതം വിക്കറ്റുകളുമായി ജൂലന്‍ ഗോസ്വാമിയും സ്നേഹ് റാണയും രാജേശ്വരിക്കു മികച്ച പിന്തുണ നല്കി. ദീപ്തി ശര്‍മയും മേഘ്ന സിങ്ങും ഓരോ വിക്കറ്റ് വീതം നേടി.
പാകിസ്താന് നിരയില്‍ 64 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികള്‍ സഹിതം 30 റണ്‍സ് നേടിയ ഓപ്പണര്‍ സിദ്ര അമീനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 17 റണ്‍്സ നേടിയ ഫാത്തിമ സന, 15 റണ്‍സ് വീതം നേടിയ ബിസ്മാഹ് മറൂഫ്, ഡയാന ബെയ്ഗ്, 11 റണ്‍സ് വീതം നേടിയ ഓപ്പണര്‍ ജാവേരിയ ഖാന്, ആലിയ റിയാസ് എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
നേരത്തെ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 244 ററണ്‍സാണ് നേടിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും മധ്യനിര താരങ്ങളായ പൂജാ വസ്ത്രകറിന്റെയും സ്നേഹ് റാണയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ മികവിലായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
ഒരു ഘട്ടത്തില്‍ ആറിന് 114 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യക്ക് ഏഴാം വിക്കറ്റില്‍ പൂജയും സ്നേഹും ചേര്‍ന്നു നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് തുണയായത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 122 റണ്‍സാണ് ടീം ഇന്ത്യയെ മാന്യമായ സ്കോറില്‍ എത്തിച്ചത്. പൂജ 59 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 67 റണ്‍സ് നേടിയപ്പോള്‍ സ്നേഹ് 48 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 53 റണ്‍സുമായി പുറത്താകാതെ നിന്നു.
മുന്‍നിരയില്‍ 75 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്സറും സഹിതം 52 റണ്‍സ് നേടിയ സ്മൃതിക്കും 57 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 40 റണ്‍സ് നേടിയ ദീപ്തി ശര്‍മയ്ക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായിക മിതാലി രാജ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കം തന്നെ ഇന്ത്യക്കു പിഴച്ചു. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ(0)യെ നഷ്ടമാകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ വെറും നാലു റണ്‍സ് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
പിന്നീട് രണ്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി സ്മൃതിയും ദീപ്തിയും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. എന്നാല്‍ 22-ാം ഓവറില്‍ ദീപ്തിയെ മടക്കി പാകിസ്താന് ബ്രേക്ക് ത്രൂ നേടി. തുടര്‍ന്ന് ഇന്ത്യന്‍ മധ്യനിരയുടെ തകര്‍ച്ചയാണ് കണ്ടത്.
21.5 ഓവറില്‍ ഒന്നിന് 96 എന്ന നിലയില്‍ നിന്ന് 18 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ 33.1 ഓവറില്‍ ആറിന് 114 എന്ന നിലയിലേക്കു വീണു. ടീം 150 പോലും എടുക്കുമോയെന്നു സംശയിച്ച ഘട്ടത്തിലായിരുന്നു പൂജാ-സ്നേഹ് കൂട്ടുകെട്ടിന്റെ പ്രത്യാക്രമണം. പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധത്തിലേക്കു വലിയാതെ പാക് ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ചേര്‍ന്നു വെറും 100 പന്തുകള്‍ക്കിടെയാണ് 122 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.
പാകിസ്താനു വേണ്ടി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ നിദ ദാര്‍, നഷ്റ സന്ധു എന്നിവരാണ് മികച്ചു നിന്നത്. ഡയാന ബെയ്ഗ്, അനം അമീന്, ഫാത്തിമ സന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: