കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ നികുതി ചുമത്തി ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍ ഡിസി : കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ നികുതി ചുമത്തി ട്രംപ് ഭരണകൂടം. അധികാരത്തിലെത്തിയാല്‍ നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതി ചുമത്തി. അതേസമയം കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തു.
അമേരിക്കയിലേക്ക് അനധികൃതമായി ഫെന്റാനില്‍ എന്ന ലഹരിമരുന്ന് കടത്തുന്നത് തടയാന്‍ കാനഡയും മെക്സിക്കോയും ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷാ നടപടിയെന്ന നിലയില്‍ ഉയര്‍ന്ന നികുതി ചുമത്തിയത്. ഫെന്റാനില്‍ മൂലം ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ കൊല്ലപ്പെടുന്നതെന്നും നികുതി ചുമത്തിയതിനെ ന്യായീകരിച്ച് വൈറ്റ്ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശമിക്കുന്ന കുടിയേറ്റക്കാരെ തടയാന്‍ കാനഡയും മെക്സിക്കോയും ശ്രമിക്കുന്നില്ലെന്ന് ട്രംപ് മുമ്പ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ട്രംപിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍. അമേരിക്കയിലേക്കുള്ള ഇറക്കുമിതിയില്‍ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്നിന്നുള്ളവയായിരുന്നു. നികുതി ഉയര്‍ത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ വില അമേരിക്കയില്‍ വര്‍ധിക്കും. അമേരിക്ക നികുതി കൂട്ടിയാല്‍ സമാന പ്രതികരണം തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്നാണ് കാനഡയും മെക്സിക്കോയും പറഞ്ഞിരുന്നത്. എന്നാല്‍ അനധികൃത കുടിയേറ്റമുള്‍പ്പെടെയുള്ള അമേരിക്കയുടെ ആശങ്ക കണക്കിലെടുക്കുമെന്ന് മെക്സിക്കോ നിലപാടെടുത്തിരുന്നു.
2018ന് ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുത്തനെ കുറഞ്ഞിരുന്നു. ട്രംപിന്റെ ആദ്യത്തെ ടേമില്‍ ചൈനയുമായുണ്ടായ വമ്പന്‍ വ്യാപാര യുദ്ധമാണ് ഇതിന് ഇടയാക്കിയത്. ആദ്യം 60 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നതെങ്കിലും 10 ശതമാനം മാത്രമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. വിഷയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
നികുതി ഉയര്‍ത്തിയത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയിലുപയോഗിക്കുന്ന പെട്രോളിന്റെ 40 ശതമാനവും കാനഡയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്കരിച്ചെടുക്കുന്നതാണ്. ഇത് ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ജീവിതച്ചെലവ് കുറയ്ക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് കടകവിരുദ്ധമാകുമെന്നുമാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാല്‍ ക്രൂഡ് ഓയില്‍ ഒഴികെയുള്ള മേഖലയില്‍ ട്രംപിന്റെ തീരുമാനം ഗുണം ചെയ്തേക്കും. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളേക്കാള്‍ വിലക്കുറവില്‍ സ്വന്തം രാജ്യത്തെ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അത് രാജ്യത്തെ വ്യവസായത്തിന് ഗുണം ചെയ്യുമെന്നാണ് ഒരുവിഭാഗം കരുതുന്നത്.