അന്തർദേശീയം

ട്രംപിന് തിരിച്ചടി; യുഎസിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂയോർക്ക് : അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനു സ്റ്റേ. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ഉത്തരവിന്റെ തുടർ നടപടികളാണ് മരവിപ്പിച്ചത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് ന​ഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോ​ഗ്നർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇതു സംബന്ധിച്ച കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ താത്കാലിക സ്റ്റേ. ഇതിനെതിരെ അപ്പീൽ പോകുമെന്നാണ് ട്രംപിന്റെ നിലപാട്.

നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാ​ഗമായാണ് ജന്മാവകാശ പൗരത്വത്തിനു നിരോധനം ഏർപ്പെടുത്തിയത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു പിന്നാലെ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസിലുള്ള വലിയ വിഭാ​ഗ വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നു പ്രാബല്യത്തിൽ വരുമെന്നു ഉത്തരവിൽ പറഞ്ഞിരുന്നു.

ട്രംപിന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ പൗരൻമാരുടേയും നിയമാനുസൃതം സ്ഥിര താമസ അനുമതി ലഭിച്ചവരുടേയും മക്കൾക്കു മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. വർഷത്തിൽഏതാണ്ട് രണ്ടര ലക്ഷത്തോളം കുട്ടികളെ നിയമം ബാധിക്കുമെന്നാണ് കണക്ക്.

ട്രംപിന്റെ ഉത്തരവിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം നിയമ നടപടികൾക്കു തുടക്കമിട്ടിരുന്നു. ഉത്തരവ് നിയമവിരുദ്ധമാണെന്നു കാണിച്ചു വിവിധ വ്യക്തികളും സംഘടനകളും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button