അമേരിക്കയിലെ ടിക്ടോക്ക് നിരോധനം; പോരാട്ടം തുടരും, ട്രംപിനോട് നന്ദിയുണ്ട് : ടിക്ടോക്ക് സിഇഒ
വാഷിങ്ടൺ : യുഎസിലെ ടിക് ടോക്ക് നിരോധനത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം സ്വാഗതം ചെയ്ത് ടിക് ടോക്ക് സിഇഒ ഷൗ ച്യൂ. നിരോധനം അഭിപ്രായ സ്വാതന്ത്രത്തിനെതിരാണെന്നും അധികാരത്തിൽ വന്നതിന് ശേഷം കാര്യങ്ങൾ പരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഷോർട്ട് വിഡിയോ ആപ്പായ ടിക്ക് ടോക്ക് യുഎസിൽ നിരോധിക്കണമെന്ന ഫെഡറൽ നിയമം, സുപ്രീംകോടതി അടുത്തിടെ ശരിവെച്ചിരുന്നു. നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് ടിക്ക് ടോക്ക് നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ നീക്കം.
തങ്ങളുടെ ഉപഭോക്താക്കളായ 170 ദശലക്ഷത്തിലധികം ആളുകളുടെ ഭരണഘടന അവകാശമായ അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടി നില കൊള്ളുമെന്നും പോരാട്ടം തുടരുമെന്നും ഷൗ ച്യൂ പറഞ്ഞു. പ്രസിഡന്റായുള്ള ട്രംപിന്റെ വരവിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ പ്ലാറ്റ്‌ഫോമിനെ ശരിക്കും മനസ്സിലാക്കുന്ന ഒരു പ്രസിഡന്റിന്റെ പിന്തുണ ലഭിച്ചതിൽ ഞങ്ങൾ നന്ദിയുള്ളവരും സന്തോഷിക്കുന്നവരുമാണ് സ്വന്തം ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനും പുറം ലോകവുമായി ബന്ധപ്പെടാനും ടിക്ക് ടോക്ക് ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ട്രംപെന്നും ടിക്ടോക്ക് സിഇഒ പറഞ്ഞു.
ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികളും ചൈനയുമായുള്ള ആപ്പിന്റെ ബന്ധവും കണക്കിലെടുത്താണ് അമേരിക്കയിലെ നിരോധനം. ആപ്പിന്റെ ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ആപ്പ് വിൽക്കുന്നതാണ് ഇതിൽനിന്നുള്ള ഏക പോംവഴിയെന്നും കോടതി പറഞ്ഞു.