കേരളം
ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം
തൃശ്ശൂർ : അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ. വി രാമകൃഷ്ണൻ കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത്.
ഇന്ന് രാവിലെ കലാമണ്ഡലത്തിലെത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. കലാമണ്ഡലത്തിലെ ആദ്യ നൃത്തദ്ധ്യപകന്‍ എന്ന പദവിയാണ് ഇതിലൂടെ ആർ.എൽ. വി രാമകൃഷ്ണൻ സ്വന്തമാക്കിയത്. സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ കലാമണ്ഡലം സത്യഭാമ രാമകൃഷ്ണനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിനു പിന്നാലെ നൃത്തം അവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരുന്നു.