അന്തർദേശീയം

ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നൂറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സ്റ്റില്‍ഫൊണ്ടെയ്ന്‍ : ദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ സ്വര്‍ണ ഖനികളിലൊന്നായ ബഫല്‍സ്‌ഫൊണ്ടെയ്‌നിലാണ് ദുരന്തമുണ്ടായത്. ഖനിയില്‍ നിന്ന് ഇതുവരെ 18 മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. പരിക്കുകളോടെ 26 പേരെ പുറത്തെത്തിച്ചിട്ടുണ്ട്.

ഖനിയില്‍ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന നൂറോളം പേരെ പുറത്തെത്തിക്കാന്‍ ഭരണകൂടം രക്ഷാപ്രവര്‍ത്തനം ഉര്‍ജിതമാക്കി. ഖനിക്കുള്ളിലേക്ക് ഒരു കൂടിന്റെ മാതൃകയിലുള്ള ബോക്‌സ് കടത്തിവിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഖനിയില്‍ എത്രപേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ 100 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ജോഹന്നാസ്ബര്‍ഗിന് തെക്കുപടിഞ്ഞാറുള്ള സ്റ്റില്‍ഫൊണ്ടെയ്ന്‍ നഗരത്തിനടുത്തുള്ള ഖനിയെ ചൊല്ലി പൊലീസും ഖനിത്തൊഴിലാളികളും നാട്ടുകാരും തമ്മില്‍ നവംബര്‍ മുതല്‍ തര്‍ക്കത്തിലാണ്. ഖനിത്തൊഴിലാളികളെ പുറത്താക്കാന്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചതു മുതല്‍ കഴിഞ്ഞ ജൂലൈ മുതല്‍ ചിലര്‍ ഖനിക്കുള്ളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊഴിലാളികള്‍ ഖനിയില്‍ നിന്ന് പുറത്തുവരാന്‍ തയാറാകുന്നില്ലെന്നും അധികാരികള്‍ പറയുന്നു. എന്നാല്‍ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത് നിര്‍ത്തി തൊഴിലാളികളെ പുറത്താക്കാനുള്ള പൊലീസ് നീക്കത്തിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.

സ്വര്‍ണം സമ്പന്നമായ ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ അനധികൃത ഖനനം സാധാരണമാണ്, കമ്പനികള്‍ ലാഭകരമല്ലാത്ത ഖനികള്‍ അടച്ചുപൂട്ടുമ്പോള്‍ നിയമം ലംഘിച്ച് ഖനിത്തൊഴിലാളികള്‍ സംഘങ്ങളായി ചേര്‍ന്ന് ഖനനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ലാഭം നേടുന്നതിനായി മാസങ്ങളോളം മണ്ണിനടിയില്‍ തൊഴിലാളി സംഘങ്ങള്‍ ജോലിയെടുക്കും. ഭക്ഷണം, വെള്ളം, ജനറേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുമാണ് ഇവര്‍ ഖനിക്കുള്ളില്‍ എത്തുന്നത്. എന്നാല്‍ അറസ്റ്റ് ഭയന്നാണ് തൊഴിലാളികള്‍ ഖനിയില്‍ നിന്ന് പുറത്തുവരാത്തതെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button