കേരളം

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് : ലോജിസ്റ്റിക്‌സ്, ഭക്ഷ്യ മേഖലകളില്‍ നിക്ഷേപത്തിന് താല്‍പര്യം; യുഎഇ പ്രത്യേക സംഘത്തെ അയക്കും

അബുദാബി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്) ത്തില്‍ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം യുഎഇ സ്വീകരിച്ചു. യുഎഇ കാബിനറ്റ് മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരളത്തില്‍ ലോജിസ്റ്റിക്‌സ്, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് താല്‍പര്യമുള്ളതായി യുഎഇ മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദി പറഞ്ഞു. ഐകെജിഎസില്‍ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങള്‍ വിലയിരുത്തും. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു.

ഐകെജിഎസിന് മുന്‍പായി പ്രാഥമിക പരിശോധനകള്‍ക്കായി ചേംബറിന്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയക്കും. ലഭ്യമായ സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകള്‍ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്. ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഡോ. സഈദ് ബിന്‍ ഹര്‍മാല്‍ അല്‍ ദഹേരി, സെക്കന്റ് വൈസ് ചെയര്‍മാന്‍ ഡോ. ഷാമിസ് അലി ഖല്‍ഫാന്‍ അല്‍ ദഹേരി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നിക്ഷേപക സംഗമത്തിന്റെ ഭാഗമായുള്ള ഇന്‍വെസ്റ്റര്‍ മീറ്റിനും റോഡ് ഷോയ്ക്കും ദുബായില്‍ തുടക്കമായി. രണ്ടു ദിവസത്തെ ദുബായ് ഇന്‍വെസ്റ്റര്‍ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികള്‍, വാണിജ്യ സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ചയും ചര്‍ച്ചകളും നടക്കും. വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎ മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, ഒ. എസ്ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button