കേരളം

‘നാടിന് നിരക്കാത്ത കാര്യങ്ങളാണ് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്’ : മുഖ്യമന്ത്രി

ആലപ്പുഴ : മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ ആയിരുന്നു. നാടിന് നിരക്കാത്ത രീതിയില്‍ ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത്. ഭരണം സ്തംഭിപ്പിക്കാനായിരുന്നു മുന്‍ ഗവര്‍ണര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലകള്‍ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണ്. യുജിസിയുടെ പുതിയ ഭേദഗതി അംഗീകരിക്കാനാകില്ല. സര്‍വകലാശാലയുടെ തലപ്പത്ത് ആര്‍ക്കും വന്നിരിക്കാമെന്നതാണ് പുതിയ ഭേദഗതി. ഏത് ഫാക്ടറി ഉടമയ്ക്കും അവിടെ വന്നിരിക്കാം. ഫാക്ടറി ഉടമയാകാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ സര്‍വകലാശാലകളുടെ തലപ്പത്ത് അക്കാദമിക നിലവാരമുള്ളവരാണ് വരേണ്ടത്.

മുന്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയാം. ആരും അതിനെ അംഗീകരിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. കാരണം അത്രമാത്രം നാടിന് നിരക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കൃത്യമായ രാഷ്ട്രീയ ഇടപെടലുകളാണ് ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഉണ്ടായത്. അത് കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍ വലിയ തോതില്‍ മതരാഷ്ട്രവാദം മുന്നോട്ടു വെച്ച് അധികാരത്തില്‍ കയറാന്‍ സംഘപരിവാര്‍ ശ്രമിച്ചു. ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് വരെ പ്രചാരവേലകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ശ്രമിച്ചവര്‍ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. ഇപ്പോള്‍ ദേശീയതലത്തില്‍ മുന്നണി ഭരണമാണ് നടക്കുന്നത്. ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ കക്ഷികള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

ശരിയായ നയം ജനങ്ങളിലേക്ക് എത്തിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നുറപ്പാണ്. അതില്‍ ഏറ്റവും പ്രധാന ഉദാഹരണങ്ങളിലൊന്നാണ് ശ്രീലങ്ക. മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായി. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് സീറ്റും നേടാനായി. ഇടതുപക്ഷത്തിന്റെ ഇടപെടല്‍ സാമ്രാജ്വത്യ വിരുദ്ധ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിനും തീവ്ര വര്‍ഗീയശക്തികളെ പ്രതിരോധിക്കുന്നതിനും സഹായകമായി മാറും. ശരിയായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിച്ച് മുന്നോട്ടു പോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button