കേരളം

മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മപെടുത്തി മുൻ മന്ത്രി കെ.രാധാകൃഷ്ണൻറെ “ഉയരാം ഒത്തുചേർന്ന്” പുസ്തകം

തിരുവനന്തപുരം : പയ്യന്നൂരിലെ പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി ദീപം താഴെവെച്ച സംഭവം ആവർത്തിച്ച് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ. ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ടെന്നതിന്റെ തെളിവാണെന്നും കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. പുതിയ പുസ്തകത്തിലാണ് കെ.രാധാകൃഷ്ണൻ മന്ത്രിയായിരുന്നിട്ടും നേരിട്ട വിവേചനം ഓർമ്മിക്കുന്നത്. “ഉയരാം ഒത്തുചേർന്ന്” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്ന് നിയമസഭാ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്യും.

ദേവസ്വം മന്ത്രിയായിരിക്കുമ്പോൾ പയ്യന്നൂരിൽ വെച്ച് നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെ കെ.രാധാകൃഷ്ണൻ തുറന്ന് പറഞ്ഞിരുന്നു.മന്ത്രിയ്ക്ക് നേരിട്ട ദുരനുഭവം വലിയ ചർച്ചയായപ്പോൾ മുഖ്യമന്ത്രി അതിനെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ആ സംഭവം കെ.രാധാകൃഷ്ണന്റെ ഉളളിലൊരു നീറ്റലായി ഇന്നുമുണ്ട്. അതിന്റെ തെളിവാണ് പുസ്തകത്തിലെ പരാമർശം. കേരളത്തിന്റെ സാമൂഹ്യ മതേതരത്വ അടിത്തറകളിൽ വിളളൽ വീഴ്ത്താനുളള ശ്രമങ്ങൾ കാണാതിരുന്നു കൂടാ എന്ന് പറഞ്ഞുകൊണ്ടാണ് പയ്യന്നൂർ സംഭവം ഓർക്കുന്നത്.

” ദേവസ്വം മന്ത്രിയായിരിക്കെ പയ്യന്നൂരിൽ പങ്കെടുത്ത ഒരു പരിപാടിയിൽ നിലവിളക്ക് കൊളുത്താൻ കൈമാറാതെ പൂജാരി വിളക്ക് താഴെവെച്ച അനുഭവം ഉണ്ടായി.ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പൊതിഞ്ഞ് നമ്മുടെ സമൂഹത്തിൽ കിടപ്പുണ്ട്. എന്നതിന്റെ സൂചനകളാണിത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ഇത്തരം വിവേചനം പരസ്യമായി നേരിടേണ്ടി വന്നാൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കാനേ വയ്യ” ഇതാണ് വിളക്ക് കൊളുത്തൽ വിവാദത്തെപ്പറ്റി പുസ്തകത്തിലുളള പരാമർശം.

ശബരിമല തീർത്ഥാടനകാലത്ത് ചെറിയ സംഭവങ്ങളെ തെറ്റായ രീതിയിൽ തിരിച്ചുവിടാൻ നടന്ന സംഭവങ്ങളെപ്പറ്റിയും കെ.രാധാകൃഷ്ണൻ പുതിയ പുസ്തകത്തിൽ ഓർക്കുന്നുണ്ട്. മുൻമന്ത്രിയും ലോകസഭാംഗവുമായ കെ.രാധാകൃഷ്ണൻെറ അനുഭവങ്ങളും ഓർമ്മകളും പങ്കുവെയ്ക്കുന്ന പുസ്തകത്തിന്റെ പേര് ”ഉയരാം ഒത്തുചേർന്ന്” എന്നാണ്. നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിൽ വെച്ച് പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button