ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനലിലേക്ക് ആദ്യ കാല്‍ വെച്ചു
ഗോവ : ഫൈനലിനു മുമ്ബുള്ള ഫൈനലാണ് മുംബൈക്കെതിരായ മത്സരമെന്ന് ഇവാന്‍ വുകോമാനോവിചിന്റെ ചുണക്കുട്ടന്മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
അത് അക്ഷരാര്‍ഥത്തില്‍ വ്യക്തമാക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് ഗോവയിലെ തിലക് സ്‌റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. മൈതാനത്ത് നിറഞ്ഞു കളിച്ച കേരള ടീം മൂന്ന് ഗോളുകളാണ് മുംബൈ വലയില്‍ നിക്ഷേപിച്ചത്. മറുപടിയായി ഒരു ഗോള്‍ നേടാനേ മുംബൈക്ക് സാധിച്ചുള്ളൂ. സഹല്‍ സമദ്, അല്‍വാരോ വാസ്‌ക്വസ് (2) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ഡീഗോ മൊറീഷ്യസ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ കേരളം സെമിയിലേക്ക് ഒരു ചുവടു കൂടി അടുത്തു.
ആദ്യ പകുതിയുടെ 19ാം മിനുട്ടില്‍ മുംബൈ പ്രതിരോധ നിരയിലെ മൂന്ന് പേരെ ടാക്കിള്‍ ചെയ്ത് സഹല്‍ നേടിയ ഗോളിന് അപൂര്‍വ ചാരുതയുണ്ടായിരുന്നു. ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് നിലംപറ്റി പാഞ്ഞ് ഗോള്‍ വലയുടെ ഇടത്തേ മൂലയില്‍ വിശ്രമിച്ചു. പോസ്റ്റിന്റെ വലതു വശത്തായിരുന്ന മുംബൈ ഗോളിക്ക് പന്ത് വലയില്‍ കയറുന്നത് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ പകുതിയിലെ തന്നെ ഇന്‍ജ്വറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ പെനാള്‍ട്ടിയില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. അല്‍വാരോ വാസ്‌ക്വസിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാള്‍ട്ടി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. വാസ്‌ക്വസ് തന്നെയാണ് കിക്കെടുത്തത്. ഗോളിന്റെ വലത് മൂലയിലേക്ക് പന്ത് ചെത്തിയിട്ടപ്പോള്‍ മുംബൈ ഗോളി നവാസ് എതിര്‍ വശത്തേക്കാണ് ഡൈവ് ചെയ്തത്.
രണ്ടാം പകുതിയില്‍ കളി മാറ്റിയ മുംബൈ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍, ഫിനിഷിംഗിലെ പിഴവ് അവര്‍ക്ക് വിനയായി. ഇതിനിടെ കളിയുടെ ഗതിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ വന്നു. മുംബൈ ഗോളിയുടെ ഗുരുതരമായ പിഴവില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. തനിക്ക് ലഭിച്ച ഒരു മൈനസ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ മുംബൈ ഗോളി നവാസ് പരാജയപ്പെട്ടു. അവസരം മുതലെടുത്ത വാസ്‌ക്വസ് തുറന്നു കിടന്ന വലയില്‍ അനായാസം പന്തെത്തിച്ചു. മുംബൈ ഗോളി നവാസ് ദാനം ചെയ്ത ഗോള്‍ എന്നുതന്നെ പറയാം. 71 ാം മിനുട്ടില്‍ മുംബൈയുടെ ആശ്വാസ ഗോള്‍ പിറന്നു. ഡീഗോ മൊറീഷ്യോ ബോക്‌സില്‍ വീണപ്പോള്‍ റഫറി പെനാള്‍ട്ടി വിധിച്ചു. യഥാര്‍ഥത്തില്‍ ഫൗള്‍ ഉണ്ടായിരുന്നില്ലെന്ന് ടെലിവിഷന്‍ റീപ്ലേയില്‍ വ്യക്തമായിരുന്നു. കിക്കെടുത്ത മൊറീഷ്യോ ബ്ലാസ്‌റ്റേഴ്‌സ് ഗോളിയെ കബളിപ്പിച്ച് ഗോളിന്റെ വലത് മൂലയില്‍ പന്തെത്തിച്ചു.കേരളത്തിനും മുംബൈക്കും ഓരോ മത്സരം വീതമാണ് ശേഷിക്കുന്നത്. 19 കളികള്‍ പൂര്‍ത്തിയാക്കിയ കേരളം 33 പോയിന്റുമായി ടേബിളില്‍ നാലാം സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങള്‍ പിന്നിട്ട മുംബൈ 31 പോയിന്റുമായി അഞ്ചാമതാണ്. അടുത്ത മത്സരത്തില്‍ എഫ് സി ഗോവയെ ബ്ലാസ്‌റ്റേഴ്‌സ് പ്രയാസം കൂടാതെ മറികടക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ആ മത്സരം സമനിലയിലായാല്‍ പോലും കേരളത്തിന് സെമി സാധ്യതയുണ്ട്. 2016ലാണ് കേരളം അവസാനമായി സെമി ഫൈനല്‍ യോഗ്യത നേടിയത്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/By7bzLMxbepJEo8bTftLnh