അന്തർദേശീയം

വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി ദുബായ് കസ്റ്റംസ്

ദുബായ് : യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ്‍ പരിഗണിച്ചാണ് നീക്കം. വലിയ ലഗേജുകള്‍ക്കായി 58, ഹാന്‍ഡ് ലഗേജുകള്‍ക്കായി 19 എന്ന തോതില്‍ 77 നൂതന പരിശോധനാ ഉപകരണങ്ങള്‍ അധികമായി വിമാനത്താവളത്തില്‍ എത്തിച്ചു.

ഡിസംബര്‍ 13നും 31നും ഇടയില്‍ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രതിദിനം ശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ള വാരാന്ത്യത്തില്‍ 880,000 യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കപ്പെടുന്നു.

യാത്രക്കാര്‍ക്ക് സാധനങ്ങള്‍, വ്യക്തിഗത വസ്തുക്കള്‍, സമ്മാനങ്ങള്‍, കറന്‍സികള്‍, പണം എന്നിവ മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ഐഡിക്ലയര്‍ ആപ്പും കസ്റ്റംസ് അവതരിപ്പിച്ചു. റെഡ് ചാനലില്‍ കസ്റ്റംസ് ക്ലിയറന്‍സ് സമയം നാല് മിനിറ്റില്‍ താഴെയായി ചുരുക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ക്ലിയറന്‍സിന് മുന്‍പുള്ള നടപടിക്രമങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിന് ഈ സംവിധാനം സഹായിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button