യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞു കയറി : രണ്ട് മരണം, 60 പേർക്ക് പരിക്ക്

ബെർലിൻ : ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ കുട്ടിയാണ്. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ‌‌‌ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗരനായ താലിബ് എ (50) ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾ 2006 മുതൽ ജർമനിയിൽ താമസിക്കുന്നയാളാണ്.

ആൾക്കൂട്ടത്തിലേക്ക് പാ‌ഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാർക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ഭീകരാക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സർക്കാർ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കൽ റീഫും പറഞ്ഞു.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ന് മാഗ്‍ഡെബർഗ് സന്ദർശിക്കുമെന്നാണ് സൂചന. മാഗ്‍ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button