ദേശീയം

സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഡല്‍ഹിയില്‍ രണ്ട് സീറ്റില്‍ മത്സരിക്കും

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം രണ്ട് സീറ്റുകളില്‍ മത്സരിക്കും. കരവള്‍ നഗറിലും ബദര്‍പൂര്‍ മണ്ഡലങ്ങളിലുമാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കുന്നത്. കരവള്‍നഗറില്‍ അഡ്വ. അശോക് അഗ്രവാളും ബദര്‍പുര്‍ മണ്ഡലത്തില്‍ നിന്ന് ജഗദീഷ് ചന്ദ് ശര്‍മ്മയും മത്സരിക്കുമെന്ന് സിപിഎം ഡല്‍ഹി ഘടകം അറിയിച്ചു.

മറ്റന്നാള്‍ സിപിഎം പ്രകടനപത്രിക പുറത്തിറക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തി മണ്ഡലങ്ങളില്‍ പ്രധാന എതിരാളികള്‍ ആംആദ്മിയും ബിജെപിയുമാണ്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇതിനകം തന്നെ മുഴുവന്‍ മണ്ഡലത്തിലും ആംആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കല്‍ക്കാജിയില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.

70 മണ്ഡലങ്ങളിലേക്കുള്ള ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025 ഫെബ്രുവരിയിലോ അയിരിക്കും. 2020-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. വന്‍ വിജയം നേടിയ ആം ആദ്മി മൂന്നാം തവണയും കെജരിവാളിനെ തന്നെ മുഖ്യമന്ത്രിയാക്കി. ഡല്‍ഹി മദ്യനയക്കേസില്‍ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ജനകീയ കോടതിയിലെ വിധിക്ക് ശേഷമെ ഇനി സര്‍ക്കാരിന്റെ ഭാഗമാകൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button