മാൾട്ടാ വാർത്തകൾ

ഫ്ലോട്ടിംഗ് വിൻഡ് ടർബൈനുകളിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി മാൾട്ട

1 ബില്യണ്‍ യൂറോ ചെലവില്‍ ഫ്‌ലോട്ടിംഗ് വിന്‍ഡ് ടര്‍ബൈനുകളില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി മാള്‍ട്ടീസ് സര്‍ക്കാര്‍. കരയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഫ്‌ലോട്ടിംഗ് വിന്‍ഡ് ഫാമിന്റെ ‘രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം, ഡീകമ്മീഷന്‍ ചെയ്യല്‍’ എന്നിവയ്ക്കായി സര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചു. 35 വര്‍ഷത്തേക്കാണ് കരാര്‍. 280 മെഗാവാട്ടിനും 320 മെഗാവാട്ടിനും ഇടയില്‍ സ്ഥാപിത ശേഷിയുള്ള കാറ്റാടി ഉല്‍പ്പാദന പ്ലാന്റുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മാര്‍സാസ്‌കലയ്ക്ക് പുറത്ത് ഹര്‍ഡ്‌സ് ബാങ്ക്, ഫ്രീപോര്‍ട്ടിന് പുറത്ത് തെക്ക് എന്നിവയാണ് കാറ്റാടിപ്പാടത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങള്‍ രണ്ട് പ്രദേശങ്ങളും മാള്‍ട്ടയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലാണ്. ഗോസോയിലെ മാര്‍സല്‍ഫോര്‍ണില്‍ നിന്ന് ഫ്‌ലോട്ടിംഗ് ഓഫ്‌ഷോര്‍ വിന്‍ഡ് ഫാമിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ ഉപേക്ഷിച്ചാണ് പുതിയ പദ്ധതികളിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേബിളുകള്‍ ബന്ധിപ്പിക്കുന്ന ഡെലിമാര പവര്‍ സ്റ്റേഷനില്‍ നിന്നുള്ള ദൂരം കണക്കിലെടുത്ത് ഒരു വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ രണ്ട് സൈറ്റുകള്‍ തിരഞ്ഞെടുത്തതെന്ന് ഇന്റര്‍കണക്റ്റ് മാള്‍ട്ടയുടെ (ഐസിഎം) വക്താവ് മാള്‍ട്ട ടുഡേയോട് പറഞ്ഞു.

ഗവണ്‍മെന്റിന്റെ ടെന്‍ഡറിംഗ് പോര്‍ട്ടലില്‍ ലഭ്യമായ ടെന്‍ഡര്‍ രേഖകള്‍ കാണിക്കുന്നത് സൈറ്റുകള്‍ മാള്‍ട്ടീസ് കോണ്ടിനെന്റല്‍ ഷെല്‍ഫില്‍ ഏകദേശം 100150 മീറ്റര്‍ ആഴത്തില്‍ എത്തുന്ന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നു എന്നാണ്. നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലൊന്നില്‍ പ്രോജക്റ്റ് നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുകയും ടര്‍ബൈനുകള്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജം കയറ്റുമതി കേബിളുകള്‍ വഴി കരയിലേക്ക് തിരികെ കൈമാറുകയുമാണ് കരാറുകാരുടെ ചുമതല. കണക്കാക്കിയ കരാര്‍ മൂല്യം €1,007,000,000 ആണ്, ലേലക്കാര്‍ക്ക് അവരുടെ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 28 വരെ സമയമുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button