അന്തർദേശീയം

ഇസ്രായേലുമായുള്ള ബശ്ശാറുൽ അസദിന്റെ രഹസ്യ ഇടപാടുകൾ കാണിക്കുന്ന രേഖകൾ പുറത്ത്

ദമസ്കസ് : ഇസ്രായേലുമായുള്ള മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ രഹസ്യ ഇടപാടുകൾ കാണിക്കുന്ന രേഖകൾ പുറത്ത്. അസദിന്റെ ഭരണതകർച്ചക്ക് പിന്നാലെ ചോർന്നതെന്ന് കരുതുന്ന ഒരു കൂട്ടം രേഖകളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്. ഏറെക്കാലം കടുത്ത ഇസ്രായേൽ വിരുദ്ധനായി ലോകത്തിന് മുന്നിൽ നിന്നിരുന്ന അസദ് ഇറാനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ അടക്കം പങ്കാളിയായെന്നാണ് രേഖകൾ കാണിക്കുന്നത്.

സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ലെറ്റർഹെഡുകളും ഇന്റലിജൻസ് ബ്രാഞ്ച് സ്റ്റാമ്പുകളും അടങ്ങുന്നതാണ് രേഖകൾ. ഇവ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല. ഇറാന്റെയും ഹിസ്ബുല്ലയുടെയും സൈനിക ലക്ഷ്യങ്ങളുടെ പ്രവർത്തനങ്ങൾ തടയാൻ സിറിയയോട് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേലിൽ നിന്ന് അയച്ച ഒരു കത്ത് രേഖകളിൽ ഉൾപ്പെടുന്നു.

മോസസ് എന്ന കോഡ് നാമത്തിലുള്ള ഇസ്രായേൽ പ്രതിനിധി ഹമാസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രത്യേക മുന്നറിയിപ്പുകൾ നൽകി മുൻ സിറിയൻ പ്രതിരോധ മന്ത്രി ലഫ്. ജനറൽ അലി മഹ്മൂദ് അബ്ബാസുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. ഈ കത്തുകൾ പിന്നീട് ദേശീയ സുരക്ഷാ ബ്യൂറോ മുൻ മേധാവി അലി മംലൂക്കിന് കൈമാറിയതായി ചോർന്ന രേഖകളിൽ പറയുന്നു. ഇറാനുമായുള്ള ബന്ധം തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇസ്രായേൽ അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിറിയയിലെ ഇറാനിയൻ സൈനിക ശേഷി തകർക്കാനുള്ള നീക്കങ്ങൾ സിറിയൻ ഭരണകൂടവുമായി ചേർന്നാണ് ഇസ്രായേൽ ഏകോപിപ്പിച്ചത്. ഇത്തരം ആക്രണങ്ങളിൽ അസദ് ഭരണകൂടത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടെന്നും രേഖകൾ വെളിപ്പടുത്തുന്നു. ഇസ്രായേലിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങൾ സിറിയയുമായി കൈമാറിയിട്ടുണ്ട്. ദീർഘകാലമായി മേഖലയിൽ സിറിയയുടെ അടുത്ത സഖ്യ കക്ഷിയായിരുന്നു ഇറാൻ. ചോർന്ന രഹസ്യരേഖകൾ സിറിയൻ മാധ്യമങ്ങളും, അറബ് മാധ്യമങ്ങളും പുറത്തുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button