ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോൺ മസ്‌ക്
2021ലാണ് ഇലോൺ മസ്‌ക് ലോകസമ്പന്നനായത്. ഏറെക്കാലം ലോകസമ്പന്നനായിരുന്ന ബിൽ ഗേറ്റ്‌സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌കിന്റെ കുതിച്ചുചാട്ടം. എന്നാൽ നിലവിൽ ചരിത്രത്തിലേറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്തമാക്കിയിരിക്കുകയാണ് മസ്‌ക്. 400 ബില്യൺ എന്ന കണക്ക് കടക്കുന്ന ആദ്യത്തെ വ്യക്തിയായാണ് മസ്‌ക് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിന്റെ സമ്പത്ത്. ആഗോള സാമ്പത്തിക കണക്കുകൾ നിരീക്ഷിക്കുന്ന ബ്ലൂംബെർഗ് സൂചിക പ്രകാരമാണ് മസ്‌കിന്റെ പുതിയ റെക്കോഡ് ലോകമറിയുന്നത്.
14ാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലി സാമ്രാജ്യം ഭരിച്ചിരുന്ന മൻസ മൂസ എന്ന ചക്രവർത്തിയായിരുന്നു ഇതുവരെ ചരിത്രത്തിലേറ്റവും സമ്പന്നനായി കണക്കാക്കിയിരുന്ന വ്യക്തി. 400 ബില്യൺ ആയിരുന്നു മൂസയുടെ സമ്പത്തിന്റെ ഏകദേശ കണക്ക്. എന്നാൽ ഇതിനെ മസ്‌ക് പിന്നിലാക്കി എന്നാണ് നിഗമനം.