യുക്രൈനിയൻ താരത്തെ എണീറ്റ് നിന്ന് കയ്യടിയോടെ വരവേറ്റ് ആരാധകർ, കണ്ണീരോടെ താരം; വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് മത്സര വേദി
തനിയ്ക്കും രാജ്യത്തിനും ആരാധകർ നൽകിയ പിന്തുണയ്ക്ക് മുന്നിൽ ബെന്‍ഫിക്കയുടെ യുക്രെയ്ൻ സ്ട്രൈക്കർ റോമൻ യാരേംചുക് വികാരഭരിതനായി.
റഷ്യൻ അധിനിവേശത്തിൽ ശക്തമായി തന്നെ പൊരുതുകയാണ് യുക്രൈൻ ജനത. യുക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള നിരവധി പോസ്റ്റുകളും ഫോട്ടോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. സ്പോർട്സ് രംഗത്ത് നിന്നും യുക്രൈനിയൻ താരങ്ങൾക്കും യുക്രൈൻ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രവൃത്തികളും നമ്മൾ കണ്ടതാണ്. നേരത്തെ തന്നെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബുകളായ എവർട്ടൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ക്ലബുകളും ആരാധകരും യുക്രെയ്ൻ താരങ്ങൾക്കുള്ള പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ആരാധകരും യുക്രൈനിയൻ ഫുട്ബോൾ താരങ്ങൾക്കുള്ള ഐക്യദാർഡ്യം തുടരുകയാണ്.
ആരാധകരുടെ പിന്തുണയ്ക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് യുക്രെയ്ൻ സ്ട്രൈക്കർ റോമൻ യാരേംചുക്. വികാരഭരിതമായ നിമിഷങ്ങൾക്കാണ് കഴിഞ്ഞ ദിവസം പോർച്ചുഗീസ് ഫുട്ബോൾ ലീഗ് മത്സരത്തിനിടെ ഈ ലോകം സാക്ഷ്യം വഹിച്ചത്. തനിയ്ക്കും രാജ്യത്തിനും ആരാധകർ നൽകിയ പിന്തുണയ്ക്ക് മുന്നിൽ ബെന്‍ഫിക്കയുടെ യുക്രെയ്ൻ സ്ട്രൈക്കർ റോമൻ യാരേംചുക് വികാരഭരിതനായി. ഒരു സ്റ്റേഡിയം മുഴുവൻ ഒരു രാജ്യത്തിനായി നിലകൊണ്ട കാഴ്ച കണ്ടുനിന്ന എല്ലാവരെയും കണ്ണീരണിഴിച്ചു.
കഴിഞ്ഞ ദിവസം വിറ്റോറിയ എഫ്സിക്കെതിരായ മത്സരത്തിനിടെയായിരുന്നു ഈ സംഭവം അരങ്ങേറിയത്. മത്സരത്തിന്റെ 62–ാം മിനിറ്റിലാണ് പകരക്കാരനായി കളത്തിലിറങ്ങിയ യാരേംചുകിനു ക്യാപ്റ്റൻഡസ് ആം ബാൻഡ് നൽകിയാണു ക്ലബ് അധികൃതർ പിന്തുണ അറിയിച്ചത്. താരം മൈതാനത്തേക്കു പ്രവേശിച്ചതോടെ ബെന്‍ഫിക്ക ആരാധകർ എണീറ്റുനിന്നു കയ്യടികളോടെ അദ്ദേഹത്തെ വരവേറ്റു. ഒപ്പം യുക്രൈൻ ജനതയെ പിന്തുണച്ച് കൊണ്ടുള്ള ബാനറുകളും കയ്യിലുണ്ടായിരുന്നു. ആരാധകരുടെ ഈ സ്നേഹ പ്രകടനത്തിനു മുന്നിലാണു യാരേംചുക് വികാരാധീനനായത്.
ഡച്ച് ക്ലബ് അയാക്സിനെതിരായ യുവേഫ ചാംപ്യൻസ് ലീഗ് മത്സരത്തിൽ ബെന്‍ഫിക്കയുടെ സമനില ഗോൾ നേടിയതിനു പിന്നാലെ, ക്ലബ് ജഴ്സി ഊരിമാറ്റി യുക്രെയ്ൻ ദേശീയ ചിഹ്നം പ്രദർശിപ്പിച്ച താരം കൂടിയാണ് യാരേംചുക്. “യുക്രൈനിയൻ ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും, തന്റെ ജന്മനാട്ടിലെ എല്ലാവരോടും തന്റെ പിന്തുണ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അവർ ഇപ്പോൾ ഒന്നിക്കേണ്ടതുണ്ട്” എന്നും 26 കാരനായ അദ്ദേഹം ഇൻസ്റ്റാഗ്രാമിലേക്ക് കുറിച്ചു. വിഷമകരമായ സമയങ്ങളിൽ രാജ്യത്തെ സംരക്ഷിച്ചതിന് സായുധ സേനകളോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വികാരഭരിതമായ പോസ്റ്റ് അവസാനിപ്പിച്ചത്.
അതേ സമയം ഫിഫ, യുവേഫ അടക്കമുള്ള ഒട്ടേറെ കായിക സംഘടനകൾ റഷ്യയ്ക്ക് ഏർപ്പെടുത്തുന്ന ഉപരോധം തുടരുകയാണ്. യുക്രൈനിനെതിരെയുള്ള റഷ്യൻ അധിനിവേശത്തിൽ കായിക ലോകത്ത് ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണു റഷ്യ.