ആഭ്യന്തര കലാപം; ഇന്ത്യക്കാർ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം : കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു. യാത്രക്കാർക്ക് കടുത്ത അപകടസാധ്യതകൾ സിറിയയിൽ നിലനിൽക്കുന്നുവെന്നും യാത്രാ മുന്നറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം. +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും [email protected] എന്ന ഇ-മെയിലോ ബന്ധപ്പെടാം.
സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് ജയ്സ്വാൾ അറിയിച്ചു.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ ടർക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. 2020 ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്.