അന്തർദേശീയം

നാസയുടെ മേധാവിയായി പതിനാറാം വയസില്‍ പഠനം ഉപേക്ഷിച്ച ജെറെഡ് ഐസക്മാൻ

വാഷിങ്ടണ്‍: പതിനാറാം വയസില്‍ പഠനം ഉപേക്ഷിച്ച ജെറെഡ് ഐസക്മാനെ നാസയുടെ മേധാവിയായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. ശതകോടീശ്വരനും, സംരംഭകനും, സ്വകാര്യ ബഹിരാകാശ സഞ്ചാരിയും, പൈലറ്റുമായ ജെറെഡ് ഐസക്മാന്‍ ഇലോണ്‍ മസ്‌കിന്റെ അടുത്തയാളാണ്.

1983 ഫെബ്രുവരി 11ന് ന്യൂജഴ്സിയില്‍ ജനിച്ച ജെറെഡ് ഐസക്മാന്‍ 16-ാം വയസ്സില്‍ ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. പിന്നാലെ സംരംഭകനായി. 1999ല്‍ ‘ഷിഫ്റ്റ് 4 പേയ്‌മെന്റ്’ എന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനി സ്ഥാപിച്ചു. ഐസക്മാന്റെ വീടിന്റെ ബേസ്‌മെന്റിലെ ഒരു മുറിയിലായിരുന്നു കമ്പനിയുടെ തുടക്കം. പിന്നീട് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള കമ്പനിയായി ‘ഷിഫ്റ്റ് 4 പേയ്‌മെന്റ്’ വളര്‍ന്നു. വര്‍ഷം തോറും 26,000 കോടി ഡോളറിന്റെ വിനിമയമാണ് ‘ഷിഫ്റ്റ് 4 പേയ്‌മെന്റി’ലൂടെ അമേരിക്കയില്‍ നടക്കുന്നത്. ഹില്‍ട്ടന്‍, ഫോര്‍ സീസണ്‍സ്, കെഎഫ്സി പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പേയ്മെന്റ് സംവിധാനങ്ങള്‍ ഇന്ന് കൈകാര്യം ചെയ്യുന്നത് ഐസക്മാന്റെ കമ്പനിയാണ്.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സില്‍ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഈ 41കാരന്‍ ബഹിരാകാശ യാത്ര നടത്തിയത്. ഇന്‍സ്പിരേഷന്‍ 4 എന്ന് പേരു നല്‍കിയ ദൗത്യത്തിന്റെ കമാന്‍ഡറും ജെറെഡ് ഐസക്മാന്‍ ആയിരുന്നു. ക്രൂ ഡ്രാഗണ്‍ റെസിലിയന്‍സ് എന്ന സ്പേസ് എക്സ് പേടകത്തില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയായിരുന്നു ജെറെഡിന്റെ ചരിത്രയാത്ര. ഇന്‍സ്പിരേഷന്‍ 4-ല്‍ ജെറെഡിന് പുറമെ മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു. സാധാരണക്കാരായ ഈ മൂന്ന് പേരുടേയും യാത്രാ ചിലവ് വഹിച്ചത് ഐസക്മാനായിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഐസക്മാന്‍ ബഹിരാകാശത്ത് നടക്കുകയും ചെയ്തു. 585 കിലോമീറ്റര്‍ ഭൂമിയെ ചുറ്റിപ്പറന്ന ശേഷം ഐസക്മാനും സംഘവും അറ്റ്ലാന്റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്തു.

വ്യോമയാന മേഖലയോടു വലിയ അഭിനിവേശം പുലര്‍ത്തിയിരുന്ന ആളായിരുന്നു ജെറെഡ് ഐസക്മാന്‍. വൈകാതെ തന്നെ അദ്ദേഹം പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. വിവിധ സൈനിക വിമാനങ്ങള്‍ പറത്താന്‍ പരിശീലനം നേടിയ ജാറെദ് ഐസക്മാന്‍, 2008-ല്‍ തന്റെ സ്വകാര്യ ജെറ്റില്‍ 83 മണിക്കൂര്‍ കൊണ്ട് ഭൂമിയെ ചുറ്റിപ്പറന്നിട്ടുണ്ട്. 2009ല്‍ ‘മേക്ക് എ വിഷ്’ ഫൗണ്ടേഷനുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി ഭൂമിയെ ചുറ്റി വിമാനം പറത്തിയ ജെറെഡ് ഐസക്മാന്‍ 61 മണിക്കൂര്‍ 51 മിനുറ്റ് കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സ്ഥാപിച്ചു.

2019 ഓടെ ശതകോടീശ്വരനായി ജെറെഡ് ഐസക്മാന്‍ വളര്‍ന്നു. ഫോബ്‌സിന്റെ കണക്കുകള്‍ പ്രകാരം 1.7 ബിലുയണ്‍ ഡോളറാണ് (ഏകദേശം 14,384 കോടി രൂപ) ഇന്ന് അദ്ദേഹത്തിന്റെ ആസ്തി.

ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നാസയുടെ പുതിയ മേധാവിയായി ചുമതല ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഐസക്മാന്‍ എക്‌സില്‍ കുറിച്ചു. കുട്ടികളെ സ്വപ്നം കാണാന്‍ ഞങ്ങള്‍ പ്രചോദിപ്പിക്കുമെന്നും യുഎസ് ജനത ചന്ദ്രനിലും ചൊവ്വയിലും നടക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. 2500 കോടി ഡോളറിന്റെ ബജറ്റാണ് നാസ അടുത്ത വര്‍ഷം ലക്ഷ്യം വയ്ക്കുന്നത്.

ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടും. അക്കാദമികമോ ഭരണപരമോ ആയ മുന്‍പരിചയമില്ലാത്ത ഒരാള്‍ നാസയുടെ മേധാവിയകുന്നത് ഇതാദ്യമായി ആയിരിക്കും. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായുള്ള ജാറെഡിന്റെ അടുപ്പം, നാസയും സ്വകാര്യ കമ്പനികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button