സ്മാര്‍ട്ട് സിറ്റിയും സില്‍വര്‍ ലൈനും കേരളത്തിന് ആവശ്യം : മുഖ്യമന്ത്രി
തിരുവനന്തപുരം : സില്‍വര്‍ ലൈനും സ്മാര്‍ട്ട് സിറ്റി പദ്ധതിയും വ്യവസായ ഇടനാഴികളും ദേശീയപാത വികസനവുമൊക്കെ ഭാവി കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനകാലഘട്ടത്തിന് അനുസൃതമായ പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്ക്കാര്‍. കിഫ്ബി വഴി 90,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയുമായി കൂട്ടിചേര്‍ക്കപ്പെടുന്ന ഐടി കോറിഡോര്‍, കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ള സില്‍വര്‍ ലൈന്‍ ഇത്തരം കാര്യങ്ങളെല്ലാം ഭാവി കേരളത്തിനായുള്ള ഈടുവെയ്പുകളാണ്. ഈയൊരു ഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം പോരാ, അവ സുസ്ഥിരമാകുക കൂടി വേണം എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ എംഡി അജിത് കുമാര്‍, റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പോസ്റ്റീവ് ആയിരുന്നെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കെ റെയില്‍ എംഡി അജിത് കുമാര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു ചര്‍ച്ചയിലൂടെ ലക്ഷ്യമിട്ടിരുന്നത്.