യൂറോപ്യൻ യൂണിയൻ പ്രവേശം : ജോർജിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ 44 പേർക്ക് പരിക്ക്
യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ജോർജിയൻ സർക്കാരിൻ്റെ തീരുമാനത്തിനെതിരായ പ്രക്ഷോഭത്തിൽ വ്യാപകഅക്രമം. തലസ്ഥാനമായ ടിബിലിസിയിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. 27 പ്രതിഷേധക്കാരെയും 16 പോലീസ് ഉദ്യോഗസ്ഥരെയും ഒരു പത്രപ്രവർത്തകനും ഉൾപ്പെടെ 44 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജോർജിയൻ അധികൃതർ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു
റഷ്യൻ അനുകൂല ചായ്‌വുകളുള്ള ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടിയുടെ ശതകോടീശ്വരൻ സ്ഥാപകനെതിരെ ശനിയാഴ്ച രാത്രിയാണ് പതിനായിരങ്ങൾ പാർലമെൻ്റിന് പുറത്ത് പ്രതിഷേധം ആരംഭിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിൽ അധികൃതർ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പ്രതിപക്ഷ രാഷ്ട്രീയക്കാർ അക്രമം സംഘടിപ്പിക്കുകയാണെന്ന്
പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്‌സെ ആരോപിച്ചു. ജോർജിയയുടെ യൂറോപ്യൻ യൂണിയൻ സംയോജനം സർക്കാർ നിർത്തിവച്ചുവെന്ന അവകാശവാദം കൊബാഖിഡ്‌സെ നിഷേധിച്ചു. ജോർജിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തം താൽക്കാലികമായി നിർത്തുന്നതായി ശനിയാഴ്ച പ്രഖ്യാപിക്കുകയും യൂറോപ്യൻ യൂണിയൻ പ്രവേശന ചർച്ചകൾ നിർത്തിവയ്ക്കാനുള്ള തീരുമാനത്തെ അപലപിക്കുകയും ചെയ്ത യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു.
ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചർച്ച ചെയ്യുമ്പോൾ പ്രശ്നം പരിഹരിക്കുമെന്ന് ജോർജിയൻ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒക്‌ടോബർ 26ന് നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ജോർജിയൻ ഡ്രീമിൻ്റെ വിവാദ വിജയത്തെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. രാജ്യത്തിൻ്റെ യൂറോപ്യൻ യൂണിയൻ അഭിലാഷങ്ങളുടെ ഹിതപരിശോധനയായിട്ടാണ് തെരഞ്ഞെടുപ്പ് പരക്കെ കണക്കാക്കപ്പെടുന്നത്. ജോർജിയയെ മോസ്‌കോയുടെ സ്വാധീനവലയത്തിനുള്ളിൽ നിർത്താനായി റഷ്യ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം പാർലമെൻ്റ് ബഹിഷ്‌കരിച്ചു.