ദേശീയം

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ഇന്ന് ഉച്ചയ്ക്ക് കര തൊടും; തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കും.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചെന്നൈ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

മുന്നൊരുക്കങ്ങളും ദുരിതാശ്വാസ നടപടികളും തമിഴ്നാട് റവന്യൂ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ വിലയിരുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. 4,000-ലധികം ബോട്ടുകള്‍ കരയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും 2,229 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സ്പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന രാഷ്ട്രപതിയുടെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button