തിരുവനന്തപുരം : മെസി അടക്കമുള്ള ടീം കേരളത്തിലെത്തുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ വാക്കുകൾ:
“അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാം എന്ന് ടീം സമ്മതിച്ചിട്ടുണ്ട്. മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തും. ഒന്നരമാസത്തിനകം അർജന്റീന പ്രതിനിധികൾ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂർണമായും സർക്കാർ നിയന്ത്രണത്തിലാകും മത്സരം. സാമ്പത്തിക സഹകരണം ഉറപ്പാക്കും. ഫിഫ വിൻഡോ പ്രകാരം സമയം കണ്ടെത്തും.
മത്സരം അടുത്ത വർഷമാണുണ്ടാവുക. തീയതി അവർ പ്രഖ്യാപിക്കും. ഏത് ടീമിനെതിരെ വേണം മത്സരം എന്ന കാര്യത്തിൽ തീരുമാനമാവണം. രണ്ട് മത്സരങ്ങൾ കളിക്കും എന്നാണ് ടീമിന്റെ അറിയിപ്പ് മത്സരം നടത്താനുള്ള വിവിധ വേദികൾ കേരളത്തിലുണ്ട്. ധാരാളം ആളുകളെ ഉൾക്കൊള്ളേണ്ട സ്റ്റേഡിയമാണ് വേണ്ടത്”
ഖത്തറിലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ കായികമന്ത്രി വി അബ്ദുറഹിമാൻ നടത്തിയിരുന്നു. എന്നാൽ ലയണൽ മെസ്സി കേരളത്തിലെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.
അർജന്റീനൻ ടീം എത്തുന്നതിന് ചെലവാകുന്ന ഭീമമായ തുക സ്‌പോർണർഷിപ്പിലൂടെ കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നീലപ്പടയെ കേരളത്തിലെത്തിക്കാൻ നൂറു കോടിയിലധികം ചെലവ് വരുമെന്നാണ് വിലയിരുത്തൽ.