സംഘര്‍ഷത്തിന് അയവില്ല; 50 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിലേക്ക്; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി
ന്യൂഡല്‍ഹി : സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് അയ്യായിരത്തിലധികം പേരുളള 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിരിബാം ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 20 കമ്പനി കേന്ദ്രസേനയെ നവംബര്‍ 12ന് വിന്യസിച്ചിരുന്നു. അതിന് പുറമെയാണ് 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാനുള്ള തീരുമാനം. നേരത്തെ സിആര്‍പിഎഫില്‍നിന്ന് പതിനഞ്ചും ബിഎസ്എഫില്‍നിന്ന് അഞ്ചും കമ്പനി കേന്ദ്രസേനയെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്
50 കമ്പനി കേന്ദ്ര സേന ഈയാഴ്ചയോടെ മണിപ്പൂരിലെത്തും. സിആര്‍പിഎഫില്‍ നിന്ന് 35 ഉം ബിഎസ്എഫില്‍ നിന്നും പതിഞ്ചും കമ്പനി കേന്ദ്രസേനയാണ് അധിക സുരക്ഷയൊരുക്കുക. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ നിന്ന് കത്തുന്ന മണിപ്പുരില്‍ നിലവിലുള്ളത് 218 കമ്പനി കേന്ദ്രസേനയാണ്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കേന്ദ്രസേനയെ വിനിയോഗിക്കുയെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വിളിച്ച ഉന്നതല യോഗം ചേരും. പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതര്‍ പങ്കെടുക്കുന്ന യോഗത്തില്‍, സമാധാനം പുനഃസ്ഥാപിക്കാനുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താന്‍ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമകാരികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ജിരിബാം ഉള്‍പ്പടെ മണിപ്പൂരിലെ അറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേന്ദ്ര സേന പ്രത്യേക അധികാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയ വംശീയ ആക്രമണത്തെ തുടര്‍ന്ന് 220ലേറെ പേര്‍ മരിക്കുകയും ആയിക്കരണക്കിന് വീടുകളും നശിപ്പിച്ചു.