കേരളം

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; ശബരിമലയില്‍ റോപ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

പത്തനംതിട്ട : വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കിയുമാണ് സര്‍ക്കാര്‍ റോപ് വേ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.ശബരിമലയില്‍ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നല്‍കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

റോപ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം വനവല്‍ക്കരണത്തിനായി കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ കുളത്തൂപ്പുഴ വില്ലേജില്‍ 4.5336 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനം വകുപ്പിന്റെ പേരില്‍ നല്‍കുന്നതിനായിട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതാണന്നും ഉത്തരവില്‍ പറയുന്നു.

ഹില്‍ടോപ്പില്‍നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയില്‍ നിര്‍മിക്കുന്ന റോപ്വേക്ക് ഈ തീര്‍ഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താന്‍ കഴിയും. സാധന സാമഗ്രികള്‍ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തര സാഹചര്യത്തില്‍ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലന്‍സായി ഉപയോഗിക്കാനുമാണ് ആലോചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button