മണിപ്പുരിൽ സംഘർഷം പടരുന്നു: മുഖ്യമന്ത്രിയുടെ വീടിനു നേരെ ആക്രമണ ശ്രമം
ഇംഫാൽ : മണിപ്പുരിൽ സംഘർഷം പടരുന്നതിനിടെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ വീടിനു നേരയും ആക്രമണ ശ്രമം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ താഴ്വരയിൽ കർഫ്യൂ പ്രഖ്യാപിച്ചു.
ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ് ഇന്റർനെറ്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്.
ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. താഴ്വരയിൽ അക്രമ സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. സായുധ സംഘം തട്ടിക്കൊണ്ടുപോയ ആറ് പേരുടെ മൃതദേഹങ്ങൾ ജിരിബാമിൽ കണ്ടെത്തിയിരുന്നു.
മണിപ്പൂർ – അസം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന ഗ്രാമത്തിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വ്യാപക സംഘർഷം പൊട്ടിപുറപ്പെടുകയായിരുന്നു.