എക്‌സിന് വെല്ലുവിളിയുമായി ത്രെഡ്‌സിൽ വൻ പരിഷ്‌കാരത്തിന് ഒരുങ്ങി മെറ്റ
കാലിഫോർണിയ : തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ എക്സ് എന്ന പേര് മാറ്റിയ ട്വിറ്ററിനെ തകർക്കാൻ ലക്ഷ്യമിട്ടാണ് ത്രെഡ്സ് ആപ്പ് മെറ്റ കൊണ്ടുവന്നത്.
കഴിഞ്ഞമാസം മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പുറത്തുവിട്ട കണക്ക് പ്രകാരം ത്രെഡ്സ് ആപ്പിന് 275 ദശലക്ഷം ആക്ടീവ് യൂസർമാർ ഉണ്ട്. ഇത് ആപ്പിന്റെ വലിയ വളർച്ചയാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ വരുന്ന ജനുവരി മാസം മുതൽ ത്രെഡ്സ് ആപ്പിൽ ചെറിയതോതിൽ പരസ്യങ്ങൾ ക്രിയേറ്റ് ചെയ്യാനും പബ്ലിഷ് ചെയ്യാനും അവസരം ഒരുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇൻസ്റ്റഗ്രാമിലെ അഡ്വർടൈസിങ് ഡിവിഷനിലെ ഒരു ടീമിനെയാണ് ത്രെഡ്സിന്റെ ഈ മാറ്റത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എങ്കിലും മെറ്റയുടെ 2025ലെ വരുമാനത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ ത്രെഡ്സിന് സാധിക്കുമെന്ന് ഇപ്പോഴും അധികൃതർ വിശ്വസിക്കുന്നില്ല. ത്രെഡ്സിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി മെറ്റാ സി എഫ് ഒ സൂസൻ ലി കഴിഞ്ഞമാസം പ്രസ്താവിച്ചിരുന്നു.
എക്സിലെ അഡ്വർടൈസേഴ്സിനെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാൻ സാധിക്കും എന്നാണ് മെറ്റാ കരുതുന്നത്. 2022ൽ ഇലോൺ മസ്ക് ഏറ്റെടുത്ത ശേഷം ചില അഡ്വടൈസർമാർ എക്സിൽ പരസ്യം നൽകുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനു പിന്നാലെ മാർസ്, സിവിഎസ് ഹെൽത്ത് തുടങ്ങിയ പ്രമുഖ കമ്പനികൾക്കെതിരെ ഇലോൺ മസ്ക് കോടതിയെ സമീപിച്ചിരുന്നു.