എലീസ് സ്റ്റെഫാനിക് യുഎന്നിലെ അമേരിക്കയുടെ പുതിയ അംബാസഡര്‍; മൈക്കിള്‍ വാള്‍ട്‌സ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
വാഷിങ്ടണ്‍ : എലീസ് സ്റ്റെഫാനിക് ഐക്യരാഷ്ട്രസഭയിലെ അമേരിക്കയുടെ പുതിയ അംബാസഡറാകും. ഇതുസംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തു. ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററാണ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു. പുതിയ നിയോഗം വലിയ ഉത്തരവാദിത്തമാണെന്നും. ചുമതല വിനയത്തോടെ സ്വീകരിക്കുന്നതായും എലീസ് സ്റ്റെഫാനിക് പ്രതികരിച്ചു.
ലോകത്തിന് വഴികാട്ടിയായാണ് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍. അത് തുടരുന്നതായിരിക്കും. അതിനായി എല്ലാവരുടേയും പിന്തുണ വേണമെന്നും എലീസ് അഭ്യര്‍ത്ഥിച്ചു. നേരത്തേ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലും ഇന്റലിജിന്‍സ് ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റിയിലും എലീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീര്‍ഘകാലമായി ട്രംപിന്റെ വിശ്വസ്തയാണ് എലീസ് സ്റ്റെഫാനിക്. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ പലസ്തീന്‍ അതോറിറ്റി ഇസ്രയേലിനെ യുഎന്നില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഐക്യരാഷ്ട്ര സഭയ്ക്കുള്ള യുഎസ് ഫണ്ടിങ്ങില്‍ പുനര്‍നിര്‍ണയം വേണമെന്ന് എലീസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ട്രംപ് ഭരണകാലത്ത് നിക്കി ഹാലെ ആയിരുന്നു യു എന്‍ അംബാസഡര്‍.
മൈക്കിള്‍ വാള്‍ട്‌സിനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ട്രംപ് നിയമിച്ചു. ഫ്‌ലോറിഡയില്‍ നിന്നുള്ള യു എസ് കോണ്‍ഗ്രസ് അംഗമാണ്. റിട്ടയേഡ് സ്‌പെഷല്‍ ഫോഴ്‌സസ് ഓഫീസര്‍ കൂടിയാണ് റിപ്പബ്ലിക്കനായ മൈക്കിള്‍ വാള്‍ട്‌സ്. പരിസ്ഥിതി സംരക്ഷണ ഏജന്‍സി തലവനായി മുന്‍ യു എസ് കോണ്‍ഗ്രസ് അംഗം ലീ സെല്‍ഡിനെ നിയമിച്ചു. മുന്‍ ഉപദേശകന്‍ സ്റ്റീഫന്‍ മില്ലറിനെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിക്കാനും ട്രംപ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.