ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ
ലഖ്നൗ : ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ഗൗതം അറസ്റ്റിൽ. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ.
ബഹ്‌റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാർ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിരുന്നു. നാലു കൂട്ടാളികളുമായി നേപ്പാളിലേക്ക് കടക്കാൻ തയാറെടുക്കുകയായിരുന്നു ശിവകുമാർ. കൂടാതെ ശിവകുമാറിനെ ഒളിപ്പിച്ച് താമസിച്ചതിനും രക്ഷപ്പെടാന്‍ സഹായിച്ചതിനും നാലു പേര്‍ കൂട് ഇറസ്റ്റിലായിട്ടുണ്ട്.
ഒക്‌ടോബർ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ ഓഫിസിൽനിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ മൂന്നംഗം അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. സിദ്ദിഖിക്കെതിരെ ശിവകുമാർ 6 റൗണ്ട് വെടിവച്ചെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികളിൽ രണ്ടുപേർ കൊലപാതകത്തിനു പിന്നാലെ അറസ്റ്റിലായിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നത് ശിവകുമാറിനാണ്. ബാബ സിദ്ധിഖിയെ വധിക്കാൻ നിർദേശം നൽകിയവരെ ഇയാളിലൂടെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.