അന്തർദേശീയം

ചരിത്രത്തിലാദ്യം! സൗദി അറേബ്യയിലെ മരുഭൂമിയില്‍ മഞ്ഞുവീഴ്ച

റിയാദ് : സൗദി അറേബ്യയിലെ അല്‍-ജൗഫ് മേഖലയില്‍ ആദ്യമായി മഞ്ഞുവീഴ്ച ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. വരണ്ടുണങ്ങി കിടന്ന മരുഭൂമിയില്‍ ശൈത്യകാല സമാനമായ കാലാവസ്ഥയിലേക്ക് മാറി. ചരിത്രത്തിലാദ്യമായാണ് ഈ പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ ഫലമായുണ്ടായതാണ് മഞ്ഞുവീഴ്ചയെന്നാണ് യുഎഇ കാലാവസ്ഥാ കേന്ദ്രത്തിന്റെ(എന്‍സിഎം) വിശദീകരണം.

കനത്ത മഴയും ആലിപ്പഴവര്‍ഷവും വിവിധ ഭാഗങ്ങളില്‍ ഉണ്ടായി. ഇത് പര്‍വതപ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് വഴിയൊരുക്കി. മഞ്ഞുമൂടി കിടക്കുന്ന മരുഭൂമിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

അറബിക്കടലില്‍ ഓമാന്‍ വരെയുള്ള ഭാഗങ്ങളിലെ മാറുന്ന കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മൂലമാണ് സൗദി അറേബ്യയിലും രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. തദ്ദേശീയ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത കാലാവസ്ഥാ വ്യതിയാനം ആയതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അസീര്‍, ജിസാന്‍ മേഖല, കിഴക്കന്‍ പ്രവിശ്യയിലും അല്‍-ബഹ, മദീന, ഖാസിം, നജ്റാന്‍ മേഖലകളിലും അധികൃതര്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button