ദേശീയം

ലോറൻസ് ബിഷ്‍ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് വിൽപനക്ക്; മീഷോക്കും ഫ്ലിപ്​കാർട്ടിനുമെതിരെ പ്രതിഷേധം

മുംബൈ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‍ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് ഓൺലൈനിൽ വിൽപനക്ക് വെച്ചതിൽ ​പ്രതിഷേധം. ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ലിപ്കാർട്ടിലും മീഷോയിലുമാണ് ടി-ഷർട്ട് വിൽപനക്ക് വെച്ചത്.

ബിഷ്ണോയിയു​ടെ ചിത്രത്തോടൊപ്പം ഗാങ്സ്റ്റർ, റിയൽ ഹീറോ എന്നിവയും എഴുതിയിട്ടുണ്ട്. 168 രൂപ മുതലാണ് ഇതിന്റെ വില. ചെറിയ കുട്ടിയെയടക്കം മോഡലാക്കിയാണ് ടി-ഷർട്ട് വിൽപനക്കുള്ളത്. ഇതോടെയാണ് പലരും പ്രതിഷേധവുമായി രംഗത്തുവന്നത്.

ഇന്ത്യയുടെ ഓൺലൈൻ റാഡിക്ക​ലൈസേഷന്റെ പുതിയ ട്രെൻഡാണ് ഇതെന്ന് മാധ്യമപ്രവർത്തകനായ അലിഷാൻ ജഫ്രി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ നിരവധി പേർ ഇത്തരം വസ്ത്രങ്ങൾ വിൽക്കുന്നതിനെ വിമർ​ശിച്ച് രംഗത്തുവന്നു. കുറ്റവാളിയെ മഹത്വപ്പെടുത്തുന്ന ഉൽപ്പനങ്ങൾ വിൽക്കരുതെന്നും ഇവ നീക്കം ചെയ്യണമെന്നും പലരും ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ടി-ഷർട്ട് മീഷോ പിൻവലിച്ചു.

70ഓളം ക്രിമിനൽ കേസിലെ പ്രതിയാണ് ലോറൻസ് ബിഷ്ണോയ്. ഈയിടെ നടന്ന മഹാരാഷ്ട്രയിലെ എൻസിപി നേതാവ് ബാബാ സിദ്ദീഖിയുടെ മരണത്തിന് പിന്നിലും ബിഷ്‍ണോയ് സംഘമായിരുന്നു. 2015 മുതൽ ജയിലിൽ കഴിയുകയാണെങ്കിലും തന്റെ സംഘത്തെ ഇയാൾ ഇപ്പോഴും നിയന്ത്രിക്കുന്നുണ്ടെന്നാണ് വിവരം. ലോകമെമ്പാടുമായി 700ലധികം ഷൂട്ടർമാരാണ് ബിഷ്‍ണോയ് സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button